‘നിങ്ങൾ ലോകത്തിന് നൽകുന്നത് ശക്തമായ സന്ദേശം’; ഇറാൻ ടീമിനെ അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ

ലോസ് ആഞ്ചലസ്: കടുത്ത നയതന്ത്ര തർക്കങ്ങളും യാത്രാ ദുരിതങ്ങളും മറികടന്ന് ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇറാൻ ഫുട്ബാൾ ടീമിനെ അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ന്യൂസിലാൻഡിനെതിരായ ആവേശകരമായ 2-2 സമനിലക്ക് പിന്നാലെ ഇറാന്റെ ഡ്രസ്സിങ് റൂമിൽ നേരിട്ടെത്തിയാണ് ഫിഫ പ്രസിഡന്റ് കളിക്കാരെയും മാനേജ്‌മെന്റിനെയും അഭിനന്ദിച്ചത്.
ലോജിസ്റ്റിക്സ് പ്രശ്നങ്ങളും വിസ നിയന്ത്രണവും കാരണം ടീം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തങ്ങളെ ഫിഫ സഹായിക്കണമെന്നും ഇറാൻ ക്യാപ്റ്റൻ മെഹ്ദി താരെമി പരസ്യമായി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഇൻഫാന്റിനോയുടെ സന്ദർശനം.
‘‘ഇതൊരു കടുത്ത മത്സരമായിരുന്നു. എന്നാൽ നിങ്ങൾ ഈ ലോകകപ്പ് ടീമിന്റെ ഭാഗമാണെന്ന് നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ ലോകത്തിനും മുന്നിൽ തെളിയിച്ചു കഴിഞ്ഞു. ഇനിയും രണ്ട് മത്സരങ്ങൾ കൂടിയുണ്ട്. ആ രണ്ട് മത്സരങ്ങളിലൂടെ ലോകമെമ്പാടുമുള്ള എല്ലാവരെയും നിങ്ങൾ അഭിമാനം കൊള്ളിക്കുമെന്ന് എനക്കുറപ്പുണ്ട്. ഇവിടെ കളിക്കാനായതിന് ഒത്തിരി നന്ദി. നിങ്ങളുടെ ഈ വികാരങ്ങൾ വളരെ വലുതാണ്. നിങ്ങൾ ലോകത്തിന് വളരെ ശക്തമായ ഒരു സന്ദേശമാണ് നൽകുന്നത്. ഈ സ്റ്റേഡിയത്തെ മുഴുവൻ നിങ്ങൾ ഒന്നിപ്പിച്ചു. കനത്ത പ്രതിസന്ധികൾക്കിടയിലും നിങ്ങളുടെ ഐക്യദാർഢ്യം നിങ്ങൾ ലോകത്തിന് മുന്നിൽ കാട്ടിത്തന്നിരിക്കുന്നു. അടുത്ത മത്സരത്തിൽ ടീമിന് ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ഫിഫയുടെ ഭാഗത്തുനിന്നുണ്ടാകും’’ – ജിയാനി ഇൻഫാന്റിനോ പറഞ്ഞു.
ഫിഫ പ്രസിഡന്റിന്റെ ഈ വാക്കുകളോട് നന്ദി പറഞ്ഞുകൊണ്ട് തന്നെ ടീം അനുഭവിക്കുന്ന കടുത്ത മനുഷ്യത്വരഹിതമായ നടപടികളെക്കുറിച്ച് കോച്ച് അമീർ ഘാലെനോയി തുറന്നടിച്ചു. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ടീം തങ്ങളുടേതാണെന്നും സാങ്കേതിക ടീമിന്റെ അഭാവം തങ്ങളെ കാര്യമായി ബാധിച്ചുവെന്നും കോച്ച് പറഞ്ഞു.
‘‘ഞങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങളും അതിന്റെ ആഘാതങ്ങളും കടുത്ത അനീതിയാണ്. വിസ നൽകാത്തതിനാൽ ഞങ്ങളുടെ ടെക്നിക്കൽ സ്റ്റാഫ് ഒപ്പമില്ല. കൂടാതെ കളി കഴിഞ്ഞയുടൻ ഇവിടുന്ന് വിമാനം കയറി പോകാൻ ഉത്തരവിട്ടത് കാരണം കളിക്കാർക്ക് റിക്കവറി ടൈം പോലും ലഭിച്ചിട്ടില്ല. ഈ പ്രതികൂല സാഹചര്യങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ഞങ്ങളുടെ കളിക്കാർ ഇന്ന് ഈ അത്ഭുതകരമായ മത്സരം കളിച്ചത്.’’ ഇറാൻ കോച്ച് പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ യു.എസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ സമാധാന കരാർ പ്രഖ്യാപിച്ച് വെറും 24 മണിക്കൂറിനുള്ളിലാണ് ഇറാൻ ടീം അമേരിക്കൻ മണ്ണിൽ കളിക്കാനിറങ്ങിയത്. വിസ സംബന്ധിച്ച അനിശ്ചിതത്വത്തെത്തുടർന്ന് ഇറാൻ ടീം തങ്ങളുടെ ക്യാമ്പ് അരിസോണയിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റാൻ നിർബന്ധിതരായിരുന്നു.
