ഫ്ലക്സ്, പോഡ്കാസ്റ്റ്, വിക്കിപീഡിയ; മുഖ്യമന്ത്രി ചർച്ചകൾ പുതിയ തലത്തിൽ
തിരുവനന്തപുരം: ഫ്ലക്സ് ബോർഡും പോഡ്കാസ്റ്റും വിക്കിപ്പീഡിയിലെ ‘മുഖ്യമന്ത്രിപ്പദവി’യുമടക്കം കോൺഗ്രസിലെ കസേര ചർച്ചകൾ പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ ഉയർത്തിക്കാട്ടി മലപ്പുറത്തും കണ്ണൂരിലുമാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം, ജനങ്ങൾക്കൊപ്പം നടന്നവൻ ജനങ്ങളെ നയിക്കട്ടെ’ എന്നാണ് ഫ്ലക്സിലുള്ളത്.
മുഖ്യമന്ത്രി ചർച്ചകൾ കൊഴുക്കുന്നതിനിടെ പോഡ്കാസ്റ്റുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ‘കേരളയാത്ര’ എന്ന പേരിലാണ് പോഡ്കാസ്റ്റ്. രാഷ്ട്രീയ വിവാദങ്ങള്‍ക്കോ നേട്ടങ്ങള്‍ക്കോ വേണ്ടിയല്ല, മറിച്ച് കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനാണ് പുതിയ പോഡ്കാസ്‌റ്റെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. ഇതിനിടെ, മുഖ്യമന്ത്രി പോരിൽ പുതിയ വിവാദങ്ങൾക്ക് വഴിതെളിക്കുകയാണ് വിക്കിപീഡിയ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ 13ാമത് കേരള മുഖ്യമന്ത്രിയെന്ന വിവരണം പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്. വിമർശനമുയർന്നതോടെ ഇത് നീക്കം ചെയ്യപ്പെട്ടു. ഇത്തരം ചർച്ചകളിൽ തനിക്ക് താത്പര്യമില്ലെന്ന് കെ.സി വേണുഗോപാൽ പിന്നീട് പ്രതികരിച്ചു. താല്‍പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘ഇദ്ദേഹം മുഖ്യമന്ത്രിയായി നയിക്കുന്ന സർക്കാർ വരാൻ ആരൊക്കെ ആഗ്രഹിക്കുന്നു’ എന്ന തലവാചകത്തോടെ നേതാക്കളുടെ ഫോട്ടോ വെച്ചുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകൾ വ്യാപകമാണ്. കമന്‍റിലാകട്ടെ നേതാവിനെ എതിർത്തും അനുകൂലിച്ചുമുള്ള പ്രതികരണങ്ങളുടെയും കൊമ്പുകോർക്കലുകളുടെയും വേലിയേറ്റവും. പരാമർശങ്ങൾ പരിധിവിട്ടതോടെ ‘അപകീർത്തികരമാകുന്നു’ എന്ന് ചൂണ്ടിക്കാട്ടി ഡി.ജിപിക്ക് കെ.പി.സി.സി പരാതി നൽകുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. ഭരണം ലഭിക്കുന്നതിന് മുമ്പേ അധികാരം പങ്കിടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് പൊതുസമൂഹത്തിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുമെന്നാണ് ഘടക കക്ഷികളുടെ നിലപാട്. അധികാരമേൽക്കുന്നതിന് മുമ്പേ ഉണ്ടായ ഈ വിള്ളലുകൾ സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും കോൺഗ്രസിലെ ഒരു വിഭാഗം മുന്നോട്ടുവെക്കുന്നു.
