വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: ക്രിക്കറ്റ് ലോകത്തിന് വെസ്റ്റിൻഡീസിന്റെ ഇതിഹാസ സംഭാവനയായ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) ഓർമയായി. 1954 മുതൽ നീണ്ട 20 വർഷം വെസ്റ്റിൻഡീസ് ടീമിന്റെ നെടുംതൂണായിരുന്നു സോബേഴ്സ്. 93 ടെസ്റ്റുകളിൽ 8032 റൺസ് നേടി. 57.78 എന്ന മികച്ച ശരാശരിയിലാണ് ഇത്രയും റൺസ് അടിച്ചുകൂട്ടിയത്. 26 സെഞ്ച്വറികളും 30 അർധ സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട് ഈ ഇടംകൈയ്യൻ ബാറ്റർ. 235 വിക്കറ്റുകളാണ് ടെസ്റ്റിൽ വീഴ്ത്തിയത്. ഒരു ഏകദിനത്തിൽ മാത്രമാണ് കളിച്ചത്.

കരിയറിൽ ആകെ 28000 റൺസും 1043 വിക്കറ്റുകളും നേടി. ബാറ്റിങ്ങിന് ആക്രമണ സ്വഭാവം നൽകിയ അദ്ദേഹം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ ബാറ്ററാണ്. 1968ൽ സ്വാൻസിയയിൽ നോട്ടിംഗ്ഹാംഷെയറിനു വേണ്ടി ഗ്ലാമോർഗനെതിരെയായിരുന്നു ഈ നേട്ടം. 1975ലാണ് സർ പദവി ലഭിച്ചത്. മക്കൾ: മാത്യു, ഡാനിയൽ, ജെനീവ്. പ്രുഡൻസ് കിർബിയുമായി വിവാഹമോചനം നടത്തിയ സോബേഴ്സിന് പിന്നീട് ജാക്കി വൈറ്റ് പങ്കാളിയായി.

2004 മുതൽ, ഐ.സി.സി വർഷം തോറും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിന് നൽകുന്ന ട്രോഫിക്ക് സർ ഗാരി സോബേഴ്സ് ട്രോഫി എന്ന് പേര് നൽകിയിട്ടുണ്ട്. 90ാം ജന്മദിനത്തിന് 10 ദിവസം മാത്രം ബാക്കി നിൽക്കെയാണ് സോബേഴ്സ് വിടവാങ്ങുന്നത്. ക്രിക്കറ്റിന്റെ യഥാർഥ ഐക്കണും എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായ സർ ഗാരി സോബേഴ്സിന്‍റെ വിയോഗത്തിൽ ബി.സി.സി.ഐ അനുശോചിച്ചു.

സോബേഴ്സിന്‍റെ അസാധാരണമായ നേട്ടങ്ങളും കരീബിയൻ ക്രിക്കറ്റിലെ സ്വാധീനവും ആഗോള ക്രിക്കറ്റിന് നൽകിയ അളവറ്റ സംഭാവനകളും വരും തലമുറകൾക്ക് എപ്പോഴും പ്രചോദനമായി നിലനിൽക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ക്രിക്കറ്റ് ലോകത്തെ മുഴുവൻ അംഗങ്ങൾക്കും ഞങ്ങളുടെ അനുശോചനം. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ -ബി.സി.സി.ഐ എക്സിൽ കുറിച്ചു. 2024ലെ വെസ്റ്റിൻഡീസ് പര്യടനത്തിനിടെ രോഹിത് ശർമ, വിരാട് കോഹ്‌ലി, മറ്റ് ഇന്ത്യൻ താരങ്ങൾ എന്നിവരുമായി സോബേഴ്സ് സംസാരിക്കുന്ന ഒരു വിഡിയോയും ബി.സി.സി.ഐ പങ്കുവെച്ചിട്ടുണ്ട്.