നാലാം ടെസ്റ്റിൽ പന്തെറിഞ്ഞ് ഗില്ലും പുജാരയും, മത്സരം സമനിലയിൽ, പരമ്പര ഇന്ത്യയ്ക്ക്

ഇന്ത്യയും ഓസ്ട്രേലിയയു തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം സമനിലയിൽ. ആദ്യ രണ്ട് കളികളിൽ വിജയം നേടിയിരുന്ന ടീം ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. ഇനി ഇരു ടീമുകളും തമ്മിൽ ഏകദിന പരമ്പരയിൽ ഏറ്റുമുട്ടും.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഇതോടെ ആദ്യ രണ്ട് ടെസ്റ്റുകളിലും വിജയിച്ചിരുന്ന ഇന്ത്യയ്ക്ക് ബോർഡർ ഗവാസ്കർ ട്രോഫി സ്വന്തമായി (2-1). ചേതേശ്വർ പുജാരയും, ശുഭ്മാൻ ഗില്ലും പന്തെറിയാനെത്തിയത് മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. സ്കോർ: ഓസ്ട്രേലിയ – 480, 175/2, ഇന്ത്യ- 571. നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അവരുടെ ഒന്നാമിന്നിംഗ്സിൽ 480 റൺസ് സ്കോർ ചെയ്തിരുന്നു. ഉസ്മാൻ ഖവാജയുടെ സെഞ്ചുറിയുടെ മികവിലായിരുന്നു അവരുടെ കുതിപ്പ്. മറുപടിയായി ഇന്ത്യ അവരുടെ ആദ്യ ഇന്നിംഗ്സിൽ നേടിയത് 571 റൺസായിരുന്നു. കിടിലൻ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിൽ 91 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. രണ്ടാമിന്നിംഗ്സിന് ഇറങ്ങിയ ഓസീസ് സമനില‌ ലക്ഷ്യമിട്ട് കളിച്ചതോടെ അവസാന ദിനം വിരസമായി. സാവധാനം റൺ നിരക്ക് ഉയർത്തിയ സന്ദർശകർ 78.1 ഓവറുകളിൽ 175/2 എന്ന സ്കോറാണ് രണ്ടാമിന്നിംഗ്സിൽ നേടിയത്.‌ട്രാവിസ് ഹെഡ് 90 റൺസ് നേടി പുറത്തായപ്പോൾ, മാർനസ് ലബുഷെയ്ൻ 63 റൺസും, സ്റ്റീവ് സ്മിത്ത് 10 റൺസും നേടി പുറത്താകാതെ നിന്നു.

അതേ സമയം മത്സരത്തിന്റെ അവസാന ദിവസം കാണികൾക്ക് കുറച്ചെങ്കിലും ആവേശം നൽകിയത് ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര എന്നിവർക്ക് ഓവറുകൾ നൽകാനുള്ള ടീം ഇന്ത്യയുടെ തീരുമാനമാണ്. ഗിൽ 1.1 ഓവറുകൾ എറിഞ്ഞപ്പോൾ, പുജാര 1 ഓവറാണ് ബോൾ ചെയ്തത്. വിക്കറ്റുകളൊന്നും വീഴ്ത്താൻ കഴിഞ്ഞില്ലെങ്കിലും അപൂർവ്വമായി മാത്രം പന്തെറിയാറുള്ള ഇരുവരേയും ബോളിംഗിൽ കണ്ടത് ആരാധകരെ ത്രസിപ്പിച്ചു. ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടിയ ഇന്ത്യയുടെ വിരാട് കോഹ്ലിയാണ് കളിയിലെ കേമൻ. ഇന്ത്യൻ താരങ്ങളായ ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരാണ് പരമ്പരയിലെ കേമന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. ഇനി ഇരു ടീമുകളും തമ്മിലുള്ള ഏകദിന‌ പരമ്പരയാണ് നടക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ഈ മാസം 17 ന് തുടക്കമാകും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് ആദ്യ കളിയുടെ വേദി. രണ്ടാം ഏകദിനം 19 ന് വിശാഖപട്ടണത്തെ വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിലും മൂന്നാം ഏകദിനം ചെന്നൈയിൽ എം ചിദംബരം സ്റ്റേഡിയത്തിലും നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *