ഗില്ലിന് പരിക്ക്; ഇന്ത്യക്ക് മികച്ച തുടക്കം
മുംബൈ: ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം. 23 ഓവറിൽ 165 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 35 റൺസുമായി വിരാട് കോഹ്‌ലിയും റൺസൊന്നുമെടുക്കാതെ ശ്രേയസ് അയ്യരുമാണ് ക്രീസിൽ. 65 പന്തിൽനിന്ന് 79 റൺസെടുത്ത ശുഭ്മാൻ ഗിൽ പരിക്കു മൂലം റിട്ടയേഡ് ഹർട്ടായി. പേശിവലിവു മൂലമാണ് ഗിൽ തിരിച്ചു കയറിയത്. 47 റൺസെടുത്ത നായകൻ രോഹിത് ശർമ്മ പുറത്തായി.
29 പന്തിൽനിന്ന് നാലു വീതം സിക്‌സറിന്റെയും ഫോറിന്റെയും സഹായത്തോടെയായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. ടിം സൗത്തിയുടെ പന്തിൽ ക്യാപ്റ്റൻ വില്യംസൺ പിടിച്ചാണ് രോഹിത് പുറത്തായത്. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതമാണ് ഗില്ലിന്റെ ഇന്നിങ്‌സ്.
അവസാന മത്സരം കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യയും ന്യൂസിലാൻഡും നിലനിർത്തിയത്. എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ച ഇന്ത്യ മുഴുവന്‍ പോയന്റും സ്വന്തമാക്കി ഒന്നാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ന്യൂസിലന്‍ഡാകട്ടെ ആദ്യ നാലുമത്സരങ്ങള്‍ വിജയിച്ചശേഷം പിന്നീടുള്ള നാലെണ്ണവും തോറ്റു. അവസാനമത്സരത്തില്‍ ജയിച്ച് നാലാം സ്ഥാനത്തോടെ സെമി ഉറപ്പാക്കി.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (നായകന്‍), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍ ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവൺ കോൺവേ, റാച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (നായകന്‍), ഡാരിൽ മിച്ചൽ, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം (വിക്കറ്റ് കീപ്പര്‍), മിച്ചൽ സാന്റ്നർ, ടിം സൗത്തി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്