സ്വർണക്കൊള്ള: ഇ.ഡി അന്വേഷണവും നിലക്കുന്നു
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണവും നിലക്കുന്നു. സ്വർണക്കൊള്ള അന്വേഷിച്ച ഇ.ഡി അഡീഷനൽ ഡയറക്ടര്‍ അശു ഗോയലിനെ അലഹബാദിലേക്ക് സ്ഥലം മാറ്റിയതാണ് കേസിന് തിരിച്ചടിയായത്.
സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെ കാര്യങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. ജനുവരിയിൽ അന്വേഷണം ആരംഭിച്ച ഇ.ഡിയുടെ കൊച്ചി യൂനിറ്റ് ‘ഓപറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിലായി മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയിരുന്നു. തുടർന്ന് കള്ളപ്പണം തടയൽ നിയമ (പി.എം.എൽ.എ) പ്രകാരമുള്ള വകുപ്പുകൾ ചുമത്തി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയ മുഴുവൻ പ്രതികളെയും ഇ.ഡിയുടെ ഇ.സി.ഐ.ആറിലും പ്രതികളാക്കിയിരുന്നു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർമാരായ മുരാരി ബാബുവിനെയും എസ്. ശ്രീകുമാറിനെയും ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ, പിന്നീട് അന്വേഷണം കാര്യമായി മുന്നോട്ട് പോയില്ല.
പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാര്‍ എന്നിവരടക്കമുള്ളവരെ ഇതുവരെ ചോദ്യം ചെയ്യാനും നിർണായക വിവരങ്ങൾ ശേഖരിക്കാനും ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല. ആരുടെയും അറസ്റ്റ് രേഖപ്പെടുത്താനുമായില്ല. സ്ഥലം മാറ്റപ്പെട്ട അശു ഗോയലിന്റെ പകരക്കാരനായ ഉദ്യോഗസ്ഥൻ ഇനിയും സ്വർണക്കൊള്ള അന്വേഷിച്ച് തുടങ്ങിയിട്ടില്ല. പുതിയ ഉദ്യോഗസ്ഥൻ കേസിന്റെ ഫയലുകൾ പഠിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഇ.ഡി വിശദീകരണം.
‘ഇ.ഡിയിലും ഡീൽ’; ആരോപണം കടുപ്പിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സ്വർണക്കൊള്ളയിൽ സത്യം പുറത്തെത്തിക്കാൻ കൊട്ടിഘോഷിച്ച് വന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സ്വിച്ചിട്ട പോലെ നിസ്സംഗമായത് തെരഞ്ഞെടുപ്പ് ഡീലിന്റെ ഭാഗമെന്ന രാഷ്ട്രീയാരോപണം കടുപ്പിച്ച് പ്രതിപക്ഷം. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഏജൻസികളെയിറക്കി ഡീലിന് വഴിയൊരുക്കിയതിന് സമാനമായ സാഹചര്യമാണ് സ്വർണക്കൊള്ളയിലെ ‘ഇ.ഡി അന്വേഷണത്തിലും’ നടന്നതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഇത്രയും സാവകാശം ലഭിച്ചിട്ടും പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാൻ ശ്രമിക്കാത്ത ഇ.ഡി സമീപനം ഉദാഹരിച്ചാണ് യു.ഡി.എഫ് ആരോപണം കടുപ്പിച്ചത്. മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്തെങ്കിലും പ്രധാന പ്രതികളെ ആരെയും വിളിപ്പിച്ചിട്ടില്ല.
പ്രത്യേക അന്വേഷണ സംഘം സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലാണെന്നതിനാൽ അന്വേഷണം വേണ്ടവിധം നടക്കില്ലെന്ന് പറഞ്ഞാണ് സ്വർണക്കൊള്ളയിൽ ഇ.ഡിയുടെ വരവിനെ ബി.ജെ.പി ന്യായീകരിച്ചത്. സ്വർണം കട്ടവരെ മുഴുവൻ പിടികൂടുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. എന്നാൽ, കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതല്ലാതെ ഒരടി മുന്നോട്ട് പോയില്ല. ഉന്നതർക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കേസിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടും ഇ.ഡി തുടർനടപടി സ്വീകരിച്ചതുമില്ല. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അന്വേഷണം നിലയ്ക്കാൻ കാരണമെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണക്കൊള്ള ആളിക്കത്തിയെങ്കിലും ഇത്തരം വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ബി.ജെ.പി വിഷയം ഏറ്റെടുക്കാൻ വിമുഖത കാട്ടി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ അവർ സ്വർണക്കൊള്ള ഏറ്റെടുക്കാൻ തയ്യാറായി. പിന്നാലെ ജനുവരി ആദ്യം ഇ.ഡി കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടെ, കേസ് അന്വേഷിച്ച ഇ.ഡി അഡീഷനൽ ഡയറക്ടറെ സ്ഥലം മാറ്റി. പുതിയ ഉദ്യോഗസ്ഥൻ അന്വേഷണം തുടങ്ങിയിട്ടുമില്ല. ഇതോടെയാണ് ഇ.ഡി നീക്കം ഡീൽ ആയിരുന്നെന്ന ആക്ഷേപത്തിന് ഊന്നൽ വരുന്നത്.
അതേസമയം, ഹൈകോടതി നിരീക്ഷണത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ആറ് മാസം പിന്നിട്ടിട്ടും പ്രാഥമിക കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല. എത്ര സ്വർണം കൊള്ളയടിച്ചെന്നോ അത് എന്തു ചെയ്തെന്നോ കണ്ടെത്താനായിട്ടില്ല. ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ സാമ്പിൾ പരിശോധന ഫലം ലഭിച്ചാലേ കുറ്റപത്രം സമർപ്പിക്കാനാകൂ. ഇതാകട്ടെ, ഇനി പുതിയ സർക്കാർ വന്നശേഷമേ നടക്കൂ. എസ്.ഐ.ടിയെ നിയോഗിക്കുമ്പോൾ ഒന്നര മാസമാണ് ഹൈകോടതി അനുവദിച്ചത്. പിന്നീടത് പല പ്രാവശ്യം നീട്ടി. മൂന്ന് മാസത്തിനിടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
