ലബനാനിൽ ഹിസ്ബുല്ലയുടെ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; എട്ട് പേർ കൊല്ലപ്പെട്ടു, 2750 പേർക്ക് പരിക്ക്
ബെയ്റൂത്ത്: ലബനാനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. ഒരു പെൺകുട്ടിയടക്കം എട്ടുപേർ കൊല്ലപ്പെട്ടു. 2750 പേർക്ക് പരിക്കേറ്റു. ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണമാണ് പൊട്ടിത്തെറിച്ചത്.
വാർത്താ സമ്മേളനത്തിൽ ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അൽ-അബ്യാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. പേജറുകൾ ഇസ്രായേൽ ഹാക്ക് ചെയ്തെന്നാണ് സൂചന. ലെബനാനിൽ പ്രാദേശിക സമയം 3.30ഓടെയാണ് സംഭവം.
ബേക്കാ താഴ്‌വരയിൽ നിന്നുള്ള എട്ട് വയസുകാരിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. പരിക്കേറ്റവരിൽ 200ലധികം പേരുടെ നില ഗുരുതരമാണ്. രാജ്യത്തുടനീളമുള്ള 100ലേറെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രികൾ പലതും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. സ്ഥലമില്ലാത്തതിനാൽ മറ്റിടങ്ങളിലേക്കു മാറ്റാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.