‘ഇതിൽ എന്താണ് പൂഴ്ത്താൻ ഉള്ളത്?’ -സുകുമാരക്കുറുപ്പ് അന്വേഷണ റിപ്പോർട്ടിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് ബ്രൂണയിൽ ഉണ്ട് എന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നും എഡിജിപി ക്രൈം ബ്രാഞ്ച് വെങ്കിടേഷിനോട് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയെന്ന ക്രൈംബ്രാഞ്ച് മുൻ എ.എസ്.ഐ അലി അക്ബറിന്റെ ആരോപണം മന്ത്രി നിഷേധിച്ചു. ഇതിൽ എന്ത് പൂഴ്ത്താനാണുള്ളതെന്നും വയലാർ രവി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഉണ്ടെന്ന വാർത്തകളൊക്കെ ഞാനും വായിച്ചു. ഏതായാലും ഇത് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന ഒരു കേസാണ്. ഇതൊരു ലോൺ പെൻഡിങ് കേസാണ്. എഡിജിപി ക്രൈം ബ്രാഞ്ച് വെങ്കിടേഷിനോട് ഇതിനെപ്പറ്റി അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. കേരള പൊലീസ് ഇന്റർപോളുമായും മറ്റും ബന്ധപ്പെട്ട് ഇതിന്റെ നിജസ്ഥിതി എന്താണ് എന്ന് അറിയണം. ഇപ്പോൾ നമുക്ക് മുന്നിൽ അഭ്യൂഹങ്ങളാണുള്ളത്. സ്ഥിരീകരിക്കപ്പെട്ട കാര്യങ്ങൾ ഒന്നുമല്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതിന്റെ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ചില പത്രപ്രവർത്തകരും എന്നോടിത് സൂചിപ്പിച്ചിരുന്നു.
ഇതിന്റെ നിജസ്ഥിതി നമുക്ക് അറിയണമല്ലോ. അതുകൊണ്ട് ക്രൈം ബ്രാഞ്ച് എഡിജിപി ചുമതലയുള്ള വെങ്കിടേഷിനോട് ഇന്നലെ വാർത്ത വന്നപ്പോൾ തന്നെ അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം അതിന്റെ വിവരങ്ങൾ ശേഖരിച്ച് കിട്ടുന്ന മുറക്ക് നിങ്ങളെ അറിയിക്കാം’ -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അലി അക്ബറിന്റെ റിപ്പോർട്ട് പൂർത്തി എന്നുള്ള ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: ‘ഇത് വയലാർ രവി ആഭ്യന്തര മന്ത്രിായിരുന്ന കാലത്തെ സംഭവമാണ്. 40 വർഷത്തോളമായി. ഇതിലെന്ത് പൂഴ്ത്താനണുള്ളത്? ഏതായാലും അന്വേഷണം നടക്കട്ടെ. അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തു വരട്ടെ. ഇത് ശരിയാണോ തെറ്റാണോ എന്നുള്ളത് നമുക്ക് അറിയില്ലല്ലോ. ഈ വാർത്ത പുറത്തു വന്നതോടുകൂടി ഗവൺമെന്റ് ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ ചെയ്തു തുടങ്ങിയിട്ടുണ്ട്’ -ചെന്നിത്തല പറഞ്ഞു.
അതേസമയം, സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ ശരിയാകാനാണ് സാധ്യതയെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ പറഞ്ഞു. സുകുമാരക്കുറുപ്പ് മരണപ്പെട്ടതായി താൻ വിശ്വസിക്കുന്നില്ല.
2017ൽ ക്രൈംബ്രാഞ്ചിൽ എ.എസ്.ഐ ആയിരുന്ന ഘട്ടത്തിൽ മൂന്നുമാസക്കാലം ഈ കേസിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയിരുനനതായും അലി അക്ബർ പറഞ്ഞു.
തന്നോടൊപ്പം എ.എസ്.ഐ ആയിരുന്ന ശ്യാംജിയും ഉണ്ടായിരുന്നു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി നിതിൻ അഗർവാളിന്റെ നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണം നടത്തിയത്. സുകുമാരക്കുറുപ്പ് മരിച്ചുവെന്ന തരത്തിലുള്ള നീക്കങ്ങൾ ശരിയല്ലെന്നും കുറുപ്പിന്റെ കുടുംബ പശ്ചാത്തലവും സാഹചര്യങ്ങളും പരിശോധിച്ചതിൽ സുകുമാരക്കുറുപ്പ് ലോകത്ത് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ അദ്ദേഹത്തെ കണ്ടെത്തുന്നതിനായുള്ള ചില സൂചനകൾ ഫയലുകളിൽ നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
കേസുമായി മുന്നോട്ടുപോകാൻ പരാതിക്കാർക്കും താൽപര്യമുണ്ടായിരുന്നില്ല. മരിച്ചുവെന്ന് വരുത്തി തീർത്ത് കേസ് അവസാനിപ്പിക്കാനായിരുന്നു പലർക്കും താല്പര്യമെന്നും അദ്ദേഹം വെളിപ്പെടുത്തി. മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവന്ന വാർത്ത 100 ശതമാനം ശരിയാണെന്ന് വിശ്വസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അലി അക്ബർ പറഞ്ഞു. കേരള പൊലീസ് ഈ വിവരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ സുകുമാരക്കുറുപ്പിനെ പിടികൂടാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
