ഐഫോൺ കേടായി; ഉപഭോക്താവിന് 1.09 ലക്ഷം നഷ്ടപരിഹാരം നൽകാൻ മലപ്പുറം കൺസ്യൂമർ കോടതി ഉത്തരവ്

മലപ്പുറം: വാങ്ങി ആഴ്ചകൾക്കകം തകരാറിലായ ഐഫോണിന് പകരം ഫോൺ നൽകാനോ തുക തിരികെ നൽകാനോ തയ്യാറാകാതിരുന്ന സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. തിരൂർ പുറത്തൂർ ചേന്നര സ്വദേശി ഫൈസലിനാണ് മൊത്തം 1,09,250 രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്. ഫൈസലിന്റെ നിരന്തരമായ നിയമപോരാട്ടമാണ് വിജയം കണ്ടത്.

മകന്റെ പഠനാവശ്യങ്ങൾക്ക് വേണ്ടിയാണ് ഫൈസൽ 2023 സെപ്റ്റംബർ 13-ന് ഐഫോൺ വാങ്ങിയത്. എന്നാൽ ഫോൺ വാങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ അമിതമായി ചൂടാകൽ പോലെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഫോണിൽ കണ്ടുതുടങ്ങി. ഫോൺ ഉപയോഗിക്കാൻ പോലും പറ്റാത്ത വിധത്തിൽ ഹീറ്റാവുകയും ഫ്രണ്ട് കാമറയ്ക്ക് മോശം ക്ലാരിറ്റി അനുഭവപ്പെടുകയും ചെയ്തു.

ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫൈസലും മകനും നിരവധി തവണ അംഗീകൃത സർവിസ് സെന്ററിൽ കയറിയിറങ്ങിയെങ്കിലും ഫലം കണ്ടില്ല. ഫോൺ എടുത്തിട്ട് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ തകരാറുകൾ ആവർത്തിച്ചതോടെ, ഫോൺ മാറ്റി നൽകാനോ (Exchange) അല്ലെങ്കിൽ വാങ്ങിയ തുക തിരികെ നൽകാനോ ഫൈസൽ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാൻ കമ്പനി തയ്യാറായില്ലെന്നും തകരാറുകൾ പരിഹരിച്ചു നൽകാം എന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നും ഫൈസൽ പറയുന്നു.

കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടർന്നാണ് നിയമപരമായ നടപടികളിലേക്ക് കടന്നത്. പരാതിയിൽ വാദം കേട്ട ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഫോണിന്റെ വിലയും കോടതി ചിലവും നഷ്ടപരിഹാരവും നൽകാൻ വിധിക്കുകയായിരുന്നു. ഫോണും ചാർജറും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങാൻ ചെലവായ 92,250 രൂപ, മാനസിക ബുദ്ധിമുട്ടുകൾക്കുള്ള നഷ്ടപരിഹാരമായി 10,000 രൂപ, കേസ് നടത്തിയ ചെലവിനത്തിൽ 7,000 രൂപ എന്നിവയടക്കം ആകെ 1,09,250 രൂപ ഉപഭോക്താവിന് നൽകാനാണ് കമ്മീഷന്റെ ഉത്തരവ്. 45 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം വാർഷിക പലിശ നിരക്കിൽ പിഴയും നൽകണം.