ഐ.പി.എൽ; ഡൽഹിക്ക് ജയം

പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ബാറ്റിങ്
ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നാംസ്ഥാനക്കാരാകാൻ പാഡുകെട്ടിയ പഞ്ചാബിനെ തളച്ച് ഡൽഹി ക്യാപിറ്റൽസ്. 211 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ഡൽഹി ഒരു ഓവർ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. സ്കോർ: പഞ്ചാബ്: 210/5. ഡൽഹി: 216/7. നായകൻ അക്സർ പട്ടേലിന്റെയും ഡേവിഡ് മില്ലറിന്റെ അർധശതകമാണ് ഡൽഹിക്ക് അനായാസ വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 210 റൺസ് നേടി. അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 36 പന്തിൽ 59 റൺസുമായി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ടോപ് സ്കോറർ. രണ്ട് ഫോറും ആറ് സിക്സും പറത്തി ഓപണർ പ്രിയാൻഷ് ആര്യ 33 പന്തിൽ 56 റൺസും ചേർത്തു.
പ്രിയാൻഷ്-പ്രഭ്സിമ്രാൻ സഖ്യം പതിവ് തെറ്റിച്ചില്ല. പഞ്ചാബിന് മിന്നും തുടക്കം നൽകി ഇവർ. പ്രഭ്സിമ്രാനെ കാഴ്ചക്കാരനാക്കി പ്രിയാൻഷ് തകർത്തടിച്ചു. മൂന്നാം ഓവറിലെ നാലാം പന്തിൽ സ്കോർ 50 കടന്നു. നേരിട്ട 24ാം പന്തിൽ പ്രിയാൻഷിന്റെ അർധ ശതകവും. ഏഴാം ഓവറിൽ പ്രഭ്സിമ്രാനെ (15 പന്തിൽ 18) മുകേഷ് കുമാർ മടക്കി. ആഖിബ് നബിക്ക് ക്യാച്ച്. സ്കോർ ബോർഡിൽ അപ്പോൾ 78. പ്രിയാൻഷിനെ സാധിൽ പരാഗിന്റെ കൈകളിലെത്തിച്ചു മാധവ് തിവാരി. ഒമ്പത് ഓവറിൽ രണ്ടിന് 97. ശ്രേയസ്-കൂപ്പർ കൊണോളി കൂട്ടുകെട്ട് മൂന്നാം ഓവറിൽ സ്കോർ മുന്നോട്ടുനീക്കി. 18ാം ഓവറിലാണ് ഈ സഖ്യം പൊളിഞ്ഞത്.
27 പന്തിൽ 38 റൺസെടുത്ത കൊണോളി തിവാരിക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. 180ലെത്തിയിരുന്നു അപ്പോൾ പഞ്ചാബ്. 19ാം ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ മാർകസ് സ്റ്റോയ്നിസിനെയും (1) ശശാങ്ക് സിങ്ങിനെയും പറഞ്ഞുവിട്ടു മിച്ചൽ സ്റ്റാർക്. തുടർന്നെത്തിയ സൂര്യാൻഷ് ഷെഡ്ജെ ഓസീസ് പേസറെ ശിക്ഷിച്ചു. എട്ട് പന്തിൽ 21 റൺസുമായി ഷെഡ്ജെ നായകനൊപ്പം പുറത്താവാതെനിന്നു.
