പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ; ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്, ശുപാർശ സമർപ്പിച്ച് കെഎംആർഎൽ

 

കൊച്ചി: പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ. കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് ശുപാർശ ചെയ്തു. പേരുമാറ്റത്തിന് സർക്കാരിന് ശുപാർശ സമർപ്പിച്ച് കെ എം ആർ എൽ. ഇതിനായി സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചു. കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം.

ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി പ്രവർത്തന ലാഭത്തിലാണ് കമ്പനി. നാഗ്പൂർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും, ലഖ്‌നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും, അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടർന്നാണ് കെ.എം.ആർ.എൽ നീക്കം. പേരുമാറ്റത്തിന് ആദ്യം സംസ്ഥാന സർക്കാരിൻ്റെ അനുമതിയാണ് ലഭിക്കേണ്ടത്.

അനുമതി ലഭിച്ചാൽ മറ്റ് നടപടികളിലേക്ക് കടക്കും. ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരങ്ങൾക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുക. പേരുമാറ്റം കെ.എം.ആർ.എൽ കമ്പനിയുടെ നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, കരാറുകൾ, ജീവനക്കാർ, നിയമപരമായ നിലനിൽപ്പ് എന്നിവയെ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്ന് തുക വിനിയോഗിച്ചായിരിക്കും ബ്രാൻഡിംഗും മാറ്റങ്ങളും നടപ്പാക്കുകയെന്നും എം ഡി വ്യക്തമാക്കി.

കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെ.എം.ആർ.എൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെ.എം.ആർ.എല്ലിനാണ്. ഈ സാഹചര്യത്തിലാണ് നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ കേരളം മെട്രോ റെയിൽ എന്ന പുതിയ പേര് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ലോക്നാഥ് ബഹ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *