'ചിരിക്കാൻ കൊള്ളാം, പക്ഷെ ഏകാധിപത്യം അത്ര നിസ്സാരമല്ല'; 'ഡിക്റ്റേറ്റർ' മീമുകളോട് പ്രതികരിച്ച് കിലിയൻ എംബാപ്പെ

പാരിസ്: സോഷ്യൽ മീഡിയയിൽ തന്നെ സൈനിക ഏകാധിപതിയായി ചിത്രീകരിച്ചുകൊണ്ടുള്ള മീമുകളോടും ട്രോളുകളോടും തുറന്നുപ്രതികരണവുമായി സൂപ്പർ താരം കിലിയൻ എംബാപ്പെ. ബാലൺ ഡി ഓർ വേദിയിൽ ഫ്രാൻസ് ഫുട്ബോളിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പി.എസ്.ജിയിലായിരുന്ന കാലം മുതൽ തന്നെ ഏകാധിപതിയായി ചിത്രീകരിക്കുന്നതിനെതിരെ എംബാപ്പെ നിലപാട് വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം മീമുകൾ ചിലർ തമാശയായി ചെയ്യുന്നതാണെന്ന് തനിക്കറിയാമെന്നും എന്നാൽ ഇതിന്റെ മറ്റൊരു വശം അത്ര ചിരിക്കാനുള്ള ഒന്നല്ലെന്നും എംബാപ്പെ പറഞ്ഞു. “ചരിത്രത്തിൽ ഏകാധിപതികൾ എത്രത്തോളം നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന് നമുക്കറിയാം. മനുഷ്യരെ കൂട്ടക്കൊല ചെയ്യുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം നരകതുല്യമാക്കുകയും ചെയ്തവരുമായി എന്നെ താരതമ്യം ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാകും? ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല,” താരം വ്യക്തമാക്കി. ജനങ്ങൾ തമാശ രൂപേണയാണ് ഇത് ചെയ്യുന്നതെങ്കിലും, ചിലരിൽ രാഷ്ട്രീയപരവും മാനുഷികവുമായ ബോധവൽക്കരണത്തിന്റെ കുറവുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും എംബാപ്പെ തുറന്നടിച്ചു.
ഡ്രസ്സിങ് റൂമിൽ സഹതാരം ഒസ്മാൻ ഡെംബലെ തന്നെ മുൻ കോംഗോ ഏകാധിപതി മൊബുട്ടുവിന്റെ പേരുമായി ബന്ധിപ്പിച്ച് “മൊബുട്ടു” എന്ന് വിളിക്കാറുണ്ടെന്ന അഭിമുഖക്കാരന്റെ പരാമർശത്തോടും എംബാപ്പെ ചിരിയോടെ പ്രതികരിച്ചു. “ഡെംബലെ അത് വിളിക്കുന്നത് സോഷ്യൽ മീഡിയയിലെ തമാശകൾ കണ്ടിട്ടാണ്. സൗഹൃദപരമായ ഒരു തമാശയായി മാത്രമാണ് ഞാൻ അതിനെ കാണുന്നത്,” എംബാപ്പെ കൂട്ടിച്ചേർത്തു. പി.എസ്.ജിയിൽ മാനേജ്മെന്റ് തലത്തിലുള്ള അധികാരങ്ങൾ കൈയ്യാളുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് എംബാപ്പെയെ സൈനിക വേഷം ധരിച്ച ഏകാധിപതിയായി ചിത്രീകരിച്ചുകൊണ്ടുള്ള ട്രോളുകൾ ലോകമെമ്പാടും വൈറലായത്.
