ലീഗ് വി.ഡി. സതീശനൊപ്പം; ഉയർന്നത് പ്രവർത്തകരുടെ വികാരം
കോഴിക്കോട്: മുഖ്യമന്ത്രി ചർച്ചയിൽ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കോൺഗ്രസിൽനിന്ന് ഉയർന്ന ചർച്ചയിൽ അഭിപ്രായം പറയാതെയും കടുത്ത അതൃപ്തി പരോക്ഷമായി സൂചിപ്പിച്ചും നേതൃത്വം സംയമനം പാലിച്ചെങ്കിലും, ശനിയാഴ്ച കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് രൂക്ഷമായ പ്രതികരണങ്ങളാണ് ഭാരവാഹികളിൽനിന്ന് ഉണ്ടായത്.
അധികാരം ലഭിച്ചാൽ കഴിഞ്ഞ അഞ്ചുവർഷം നയനിലപാടുകളിലൂടെ പ്രതിപക്ഷത്തെ നയിച്ചും നിയമസഭക്കകത്തും പുറത്തും സർക്കാറിന്റെ പിടിപ്പുകേടുകൾക്കെതിരെ പോരാടിയും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ചും മുന്നണിയെ ശക്തിപ്പെടുത്തിയ നേതാവാണ് മുഖ്യമന്ത്രിയാകേണ്ടത്. ഇക്കാര്യത്തിൽ ഘടകകക്ഷികളുടെ കൂടി അഭിപ്രായം മുഖവിലക്കെടുക്കാൻ മുന്നണിക്ക് ബാധ്യതയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും കെട്ടിയിറക്കുന്നത് ജനവികാരത്തിന് എതിരും പ്രതിപക്ഷത്തെ നയിച്ചയാളോടുള്ള അനീതിയുമാകുമെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്. ചില ഭാരവാഹികളും സെക്രട്ടേറിയറ്റ് അംഗങ്ങളും വി.ഡി. സതീശന്റെ പേരെടുത്തുപറഞ്ഞ് പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിന്റെ പൊതുവികാരത്തിനൊപ്പമാണ് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും നിലയുറപ്പിച്ചത്.
വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മികച്ച വിജയം നേടിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിന് അദ്ദേഹം തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം. എല്ലാം വിജയകരമായി പൂർത്തീകരിച്ച ശേഷം നായകനോട് മാറിനിൽക്കാൻ പറയുന്നത് കടുത്ത അനീതിയാണ്. അധികാരം ലഭിച്ചാൽ, അതിന് നേതൃത്വം നൽകിയ വ്യക്തിക്ക് ജനം നൽകിയ അംഗീകാരമായാണ് അതിനെ കാണേണ്ടത്.
വിഷയത്തിൽ കെ.സി. വേണുഗോപാൽ ഒരുവാക്ക് പറഞ്ഞാൽ തീരുന്ന പ്രശ്നമേ അവശേഷിക്കുന്നുള്ളൂവെന്നും അംഗങ്ങൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചാൽ നിരസിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് കുഞ്ഞാലിക്കുട്ടിയോട് ചില ജില്ല ഭാരവാഹികൾ തുറന്നുപറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം നേരത്തെ കോൺഗ്രസ് ലീഗിന് നൽകിയതാണെന്നും അത് അന്ന് സ്വീകരിക്കാതിരിക്കാൻ കാരണം സി.എച്ചും അവുക്കാദർകുട്ടി നഹയും ഇരുന്ന സീറ്റിനോടുള്ള ആദരവുകൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടി മറുപടി നൽകി.
തെരഞ്ഞെടുപ്പിൽ ലീഗ് മത്സരിച്ച 23 മണ്ഡലങ്ങളിൽ വിജയം സുനിശ്ചിതമാണെന്ന് യോഗം വിലയിരുത്തി. നാല് മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണ് നടന്നത്. തരംഗമുണ്ടായാൽ അവിടെയും അട്ടിമറി വിജയം നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. മലപ്പുറത്ത് മത്സരിച്ച 16 സീറ്റിലും വിജയം ഉറപ്പാണെന്നും ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ കണക്കുകൾ വെച്ചുള്ള പരിശോധനയിൽ വ്യക്തമാണ്. അധികാരം ലഭിച്ചാൽ പാർട്ടിയെ നോക്കുകുത്തിയാക്കി തലസ്ഥാനം കേന്ദ്രീകരിച്ച് ഉപജാപക സംഘങ്ങൾ ഉണ്ടാകുന്നതിനെതിരെ ശക്തമായ ജാഗ്രതയുണ്ടാകണമെന്ന് ചിലർ നിർദേശിച്ചു. 10 വർഷം അധികാരത്തിന് പുറത്തുനിന്നപ്പോൾ പാർട്ടിക്കുവേണ്ടി പണിയെടുത്തവരെ അവഗണിക്കുകയും കുറുക്കുവഴിയിൽ എത്തുന്നവരെ പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്ന സമീപനമുണ്ടാകരുത്. മന്ത്രിമാർക്കും എം.എൽ.എമാർക്കും പെരുമാറ്റചട്ടം ഉണ്ടാക്കണം. പാർട്ടിയെ മറികടന്നുള്ള ഒരു നീക്കവും അനുവദിക്കാൻ പാടില്ല.
ഭാരവാഹികളോടും സ്ഥാനാർഥികളോടും സമുദായ ഐക്യം ഊന്നിപ്പറഞ്ഞായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. വിമർശകരെ അടിച്ചിരുത്തുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും പാടില്ല. ലീഗ് സമുദായത്തിന്റെ മാതാവാണ്. മക്കൾ വിമർശിക്കുമ്പോൾ അത് മുഖവിലക്കെടുത്തും തിരുത്തിയുമാണ് പാർട്ടി മുന്നോട്ട് പോകേണ്ടത്. ഇതുവരെ വിമർശിച്ചവരോട് പ്രതികാരം ചെയ്യണമെന്ന് ചിന്തിക്കരുതെന്നും സമസ്ത അടക്കമുള്ള സംഘടനകളുടെ വിമർശനങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് സാദിഖലി തങ്ങൾ വ്യക്തമാക്കി.
