"നീ ആരാന്നാ നിന്റെ വിചാരം, എനിക്ക് ലോകകപ്പുണ്ട്…നിനക്കെന്തുണ്ട്?"; ലെവൻഡോവ്സ്കിയോട് കയർത്ത് ഡി പോൾ

ഷിക്കാഗോ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇതിഹാസ താരങ്ങൾ നേർക്കുനേർ വന്ന മത്സരം കയ്യാങ്കളിയിൽ കലാശിച്ചു. ഷിക്കാഗോ ഫയറും ഇന്റർ മയാമിയും തമ്മിൽ നടന്ന മത്സരത്തിന്റെ അവസാന മിനുട്ടുകളിലാണ് ഫുട്ബാളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായ റോബർട്ട് ലെവൻഡോവ്സ്കിയും അർജന്റീനയുടെ ലോകകപ്പ് ജേതാവ് റോഡ്രിഗോ ഡി പോളും തമ്മിൽ കൊമ്പുകോർത്തത്. മത്സരത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ലൂയിസ് സുവാരസ്, ബ്രസീലിയൻ താരം കസെമിറോ എന്നിവർ ഇന്റർ മയാമിക്കായി ഇറങ്ങിയപ്പോൾ ഷിക്കാഗോയുടെ മുന്നേറ്റം നയിച്ചത് മുൻ ബയേൺ മ്യൂണിക്, ബാഴ്സലോണ താരമായ ലെവൻഡോവ്സ്കിയായിരുന്നു. മത്സരത്തിന്റെ പത്താം മിനുട്ടിൽ തകർപ്പനൊരു വോളിയിലൂടെ ലെവൻഡോവ്സ്കി ഷിക്കാഗോയെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മയാമി തിരിച്ചടിച്ചു.
48-ാം മിനുട്ടിൽ മെസ്സിയെടുത്ത കോർണർ കിക്ക് കൃത്യമായൊരു ഹെഡറിലൂടെ വലയിലാക്കി കസെമിറോ മയാമിക്ക് സമനില നേടിക്കൊടുത്തു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് കസെമിറോ മയാമിക്കായി ഗോൾ നേടുന്നത്. ഇരു ടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും മത്സരം 1-1 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
മത്സരത്തിന്റെ 89-ാം മിനുട്ടിലാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. മയാമിയുടെ പ്രതിരോധ താരം ഇയാൻ ഫ്രേയും ലെവൻഡോവ്സ്കിയും തമ്മിൽ പെനാൽറ്റി ബോക്സിന് സമീപം വെച്ച് ഉന്തും തള്ളുമുണ്ടായി. ഇതിനിടയിലേക്കാണ് സഹതാരത്തെ രക്ഷിക്കാനായി ഡി പോൾ ഓടിയെത്തിയത്. ഡി പോൾ ലെവൻഡോവ്സ്കിയുടെ നെഞ്ചിൽ തള്ളുകയും ഇരുവരും മുഖത്തോട് മുഖം നോക്കി രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും ചെയ്തു.
“നീ ആരാണെടാ…നീ ആരാന്നാ നിന്റെ വിചാരം.. ഞാൻ രണ്ട് കോപ്പ അമേരിക്കയും ഒരു ലോകകപ്പും നേടിയിട്ടുണ്ട്, നിനക്കെന്തുണ്ട്?” എന്ന് ഡി പോൾ ലെവൻഡോവ്സ്കിയോട് ചോദിച്ചതായി പ്രമുഖ സ്പാനിഷ് കായിക മാധ്യമമായ ‘മാർക്ക’ റിപ്പോർട്ട് ചെയ്തു. അർജന്റീന ടീമിലും ഇന്റർ മയാമിയിലും മെസ്സിയുടെ ഏറ്റവും വിശ്വസ്തനായ സഹതാരമാണ് റോഡ്രിഗോ ഡി പോൾ.
സംഭവത്തിന്റെ വാർത്തകൾ പുറത്തുവന്നതോടെ ഡി പോളിനെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബാൾ ലോകം രംഗത്തെത്തി. ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഏഴാമതുള്ള ലെവൻഡോവ്സ്കിയോട് ഇത്തരത്തിൽ സംസാരിക്കാൻ ഡി പോളിന് എന്ത് യോഗ്യതയാണുള്ളത് എന്നാണ് ആരാധകരുടെ ചോദ്യം.
“ലെവൻഡോവ്സ്കിയുടെ കാൽനഖത്തിന്റെ വില പോലുമില്ലാത്ത താരമാണ് ഡി പോൾ” എന്നും, “ഇതിഹാസ താരത്തോട് കുറച്ചുകൂടി ബഹുമാനം കാണിക്കാൻ ഡി പോൾ പഠിക്കണം, ഇരുവരും ഒരേ നിലവാരത്തിലുള്ള താരങ്ങളല്ല” എന്നും സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ കുറിച്ചു. സമനിലയോടെ ഇന്റർ മയാമി ഈസ്റ്റേൺ കോൺഫറൻസിൽ തങ്ങളുടെ സ്ഥാനം നിലനിർത്തിയപ്പോൾ, ഷിക്കാഗോ ഫയർ തങ്ങളുടെ തോൽവിയറിയാത്ത കുതിപ്പ് തുടരുകയാണ്. അടുത്ത മത്സരത്തിൽ ഇന്റർ മയാമി നാഷ്വില്ലിനെയും, ഷിക്കാഗോ ഫയർ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെയും നേരിടും.
