ഫുട്‌ബോളില്‍ മറ്റാര്‍ക്കും നേടാനാകാത്ത ചരിത്ര നേട്ടവുമായി ലയണല്‍ മെസി

ഫ്രഞ്ച് ലീഗ് വണ്‍ ( French Ligue 1 ) ഫുട്‌ബോളില്‍ പി എസ് ജി ( P S G ) ക്കു വേണ്ടി ബ്രെസ്റ്റിന് എതിരേ അസിസ്റ്റ് നടത്തിയതോടെ ആണ് ലയണല്‍ മെസി റിക്കാര്‍ഡില്‍ എത്തിയത്. ക്ലബ് ഫുട്‌ബോളില്‍ 300 ഗോള്‍ അസിസ്റ്റ് നേടുന്ന ആദ്യ താരം എന്ന റെക്കാര്‍ഡാണ് ലയണല്‍ മെസി സ്വന്തം പേരില്‍ ചേര്‍ത്തത്.

 

ബ്രെസ്റ്റിന് എതിരായ മത്സരത്തിന്റെ 90 -ാം മിനിറ്റില്‍ കൈലിയന്‍ എംബാപ്പെ നേടിയ ഗോളിനായിരുന്നു ലയണല്‍ മെസി വഴി ഒരുക്കിയത്. ലയണല്‍ മെസിയുടെ പാസില്‍ ഓഫ് സൈഡ് കുരുക്ക് മറികടന്നായിരുന്നു കൈലിയന്‍ എംബാപ്പെയുടെ ഗോള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക്കിനോട് ഇരു പാദങ്ങളിലുമായി 3 – 0 നു പരാജയപ്പെട്ടതിനു ശേഷം പി എസ് ജി കളത്തില്‍ എത്തിയ മത്സരമായിരുന്നു ബ്രെസ്റ്റിന് എതിരേ ഫ്രഞ്ച് ലീഗ് വണ്ണില്‍ അരങ്ങേറിയത്.

പി എസ് ജി ജഴ്‌സിയില്‍ 31 -ാം ഗോള്‍ അസിസ്റ്റ് ആയിരുന്നു ലയണല്‍ മെസി നടത്തിയത്. 2022 – 2023 സീസണ്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ മിന്നും ഫോമിലാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം. 22 മത്സരങ്ങളില്‍ 13 ഗോളും 13 അസിസ്റ്റും ഇതുവരെ ലയണല്‍ മെസി നടത്തി കഴിഞ്ഞു. 2022 – 2023 സീസണില്‍ 31 മത്സരങ്ങളില്‍ പി എസ് ജി ജഴ്‌സി അണിഞ്ഞ ലയണല്‍ മെസി 18 ഗോളും 17 അസിസ്റ്റും നടത്തി.

ഫ്രഞ്ച് ലീഗ് വണ്ണില്‍ റെന്‍സിന് എതിരേ ആണ് പി എസ് ജി യുടെ അടുത്ത മത്സരം. ലീഗ് വണ്‍ കിരീടം പി എസ് ജി ഏതാണ് ഉറപ്പിച്ച് മുന്നേറുകയാണ്. 27 മത്സരങ്ങളില്‍ നിന്ന് 21 ജയവും മൂന്ന് സമനിലയും ഉള്‍പ്പെടെ 66 പോയിന്റുമായി പി എസ് ജി ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഴ്‌സെയാണ് ( 56 പോയിന്റ് ) രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഈ സീസണില്‍ പി എസ് ജി ജഴ്‌സിയില്‍ ലയണല്‍ മെസി മികച്ച ഫോമിലാണ്. എന്നാല്‍, ഈ സീസണില്‍ പി എസ് ജി യുമായുള്ള ലയണല്‍ മെസിയുടെ കരാര്‍ അവസാനിക്കും. ഇംഗ്ലീഷ് മുന്‍ താരം ഡേവിഡ് ബെക്കാമിന്റെ ഉട്മസ്ഥതയില്‍ ഉള്ള അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമി എഫ് സി ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ രംഗത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *