മഹാകുംഭമേള: തിരക്ക് പിടിവിട്ടു, പൊലീസ് സംവിധാനം പാളി; മഹാകുംഭ ഭൂമിയിൽ കണ്ണീർ
ന്യൂഡൽഹി∙ ചിതറിക്കിടക്കുന്ന ബാഗുകൾ, വസ്ത്രങ്ങൾ, പരുക്കേറ്റവരുടെ കരച്ചിൽ, ഉറ്റവരെത്തേടി നിലവിളിച്ച് ഓടിനടക്കുന്നവർ. തീർഥാടകരുടെ പ്രാർഥനകളാൽ മുഖരിതമാകേണ്ട ത്രിവേണി സംഗമത്തിൽ ഇന്നലെ കണ്ടതു കരളലിയിക്കുന്ന കാഴ്ചകളെന്നു ദൃക്സാക്ഷികൾ.
ആളുകൾ തിക്കിത്തിരക്കുന്നതും വീഴുന്നതും കണ്ടതായി യുപി സന്ത്കബീർ നഗർ സ്വദേശിയായ ശ്വേതാ ത്രിപാഠി പറഞ്ഞു. ആളുകളെ നിയന്ത്രിക്കാൻ ക്രമീകരണമൊന്നുമുണ്ടായിരുന്നില്ലെന്നും ആശുപത്രിയിലെത്താൻ ഒരു മണിക്കൂറെടുത്തതായും ദുരന്തത്തിൽ പരുക്കേറ്റ അഭിഷേക് കുമാർ പറഞ്ഞു. പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കു വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നതെങ്കിലും ചില റോഡുകൾ അടച്ചു ഗതാഗതം വഴി തിരിച്ചു വിട്ടതു തിരക്കുവർധിപ്പിച്ചെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
തീർഥാടകരെ വിഐപികളും അല്ലാത്തതുമായി വേർതിരിച്ചതും തിരക്കിനിടയാക്കി. പൊലീസിന്റെ പിടിപ്പുകേടാണു ദുരന്തത്തിനിടയാക്കിയതെന്നു കർണാടകയിലെ ബലഗാവിയിൽ നിന്നെത്തിയ സരോജ ആരോപിച്ചു. സരോജയുടെ ബന്ധുക്കളായ 4 പേരാണു ദുരന്തത്തിൽ മരിച്ചത്.
പൊലീസും ദുരന്ത നിവാരണ സേനയും ദ്രുതകർമസേനയും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതി വിലയിരുത്തി. പരുക്കേറ്റ പലരെയും ബന്ധുക്കൾ മറ്റിടങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. തീർഥാടകർക്കായി 1920 ഹെൽപ്‌ലൈൻ നമ്പർ ഏർപ്പെടുത്തിയെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു.
കുംഭമേളയിൽ ദുരന്തങ്ങൾ മുൻപും
കുംഭമേളയിലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചതും ഒരു മൗനി അമാവാസി ദിവസമായിരുന്നു– 1954 ൽ. അന്നത്തെ ദുരന്തത്തിൽ എണ്ണൂറോളം തീർഥാടകരാണ് ത്രിവേണീസംഗമത്തിൽ മുങ്ങിമരിച്ചത്. ഈ ദുരന്തം അന്ന് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്തിനെതിരെ ജനരോഷമുയരാൻ കാരണമായി.
∙ 2013 ഫെബ്രുവരി 10ന് മൗനി അമാവാസിദിനത്തിലും പ്രയാഗ്‍രാജിൽ തിരക്കിൽ പെട്ട് 36 പേർ മരിച്ചു.
∙1986 ൽ ഹരിദ്വാർ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും 200 പേർ മരിച്ചു. ചില ഉന്നത രാഷ്ട്രീയനേതാക്കളുടെ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സുരക്ഷാനിയന്ത്രണം മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം.
∙ 2003 ൽ നാസിക് കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും ആയിരത്തിലേറെപ്പേർ ഗോദാവരി നദിയിൽ മുങ്ങി. 39 പേർ മരിച്ചു. 100 പേർക്കു പരുക്കേറ്റു.
∙പാവപ്പെട്ട തീർഥാടകർക്കു വേണ്ടി ഒരു ക്രമീകരണവുമുണ്ടായിരുന്നില്ല. സൗകര്യങ്ങളും ക്രമീകരണങ്ങളുമൊക്കെ വിഐപികൾക്കു മാത്രമായിരുന്നു. ഇതു മാറണം.-രാഹുൽ ഗാന്ധി, ലോക്സഭാ പ്രതിപക്ഷനേതാവ്