ബ്രഹ്മപുരത്തേക്ക് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂനിറ്റുമായി മമ്മൂട്ടി

കൊച്ചി: മാലിന്യത്തിൽ തീപടർന്നതിനെ തുടർന്ന് ദിവസങ്ങളായി ശ്വാസംമുട്ടിക്കഴിയുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി നടൻ മമ്മൂട്ടി. താരത്തിന്റെ നിര്‍ദേശപ്രകാരം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ സൗജന്യ പരിശോധനക്കെത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്‌സിജന്‍ കോൺസന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂനിറ്റ് പര്യടനം നടത്തുക.

ചൊവ്വാഴ്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് ബ്രഹ്മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന. ബുധനാഴ്ച കുന്നത്ത്‌നാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ നഗരസഭയിലെ വടക്കെ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. വിദഗ്ദ്ധപരിശോധനക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകള്‍ക്കരികിലെത്തും. ഇതില്‍ ഡോക്ടറും നഴ്‌സുമുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവര്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും.

ഡോ. ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനം. ഇവയില്‍നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ. വി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷനലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. പുകയില്‍നിന്ന് സംരക്ഷണം നല്‍കുന്ന ഉന്നത നിലവാരത്തിലുള്ള മാസ്‌കുകള്‍ ബ്രഹ്മപുരത്ത് വിതരണം ചെയ്യാനായി ഇവര്‍ വൈദ്യസംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍ പറഞ്ഞു. മെഡിക്കല്‍ യൂനിറ്റിന്റെ യാത്രാപാതകളെക്കുറിച്ചും സമയത്തെക്കുറിച്ചും അറിയാന്‍ 7736584286 നമ്പരില്‍ ബന്ധപ്പെടാം.

 

Also read: കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

 

Mammootty with the mobile medical unit to Brahmapuram

Leave a Reply

Your email address will not be published. Required fields are marked *