മെസ്സിക്ക് മുന്നിൽ വൊ​സീ​ഞ്ഞ

മ​യാ​മി: സ​മ​യം മോ​ശ​മെ​ങ്കി​ലും ഞാ​ഞ്ഞൂ​ല് ക​ടി​ച്ചാ​ലും വി​ഷം തീ​ണ്ടു​മെ​ന്നാ​ണ​ല്ലോ പ​ഴ​മ​ക്കാ​ര് പ​റ​യു​ന്ന​ത്. ഈ ​ചൊ​ല്ല് സ്പാ​നി​ഷി​ലേ​ക്ക് മൊ​ഴി​മാ​റ്റി​യാ​ൽ ഇ​ന്ന് ഏ​റ്റ​വും ഉ​പ​കാ​ര​പ്പെ​ടു​ക അ​ർ​ജ​ന്റീ​ന കോ​ച്ച് ല​യ​ണ​ൽ സ്ക​ലോ​ണി​ക്കും, നാ​യ​ക​ൻ ല​യ​ണ​ൽ മെ​സ്സി​ക്കു​മാ​ണെ​ന്ന​തി​ൽ സം​ശ​യ​മേ​തു​മി​ല്ല. ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ റൗ​ണ്ട് ഓ​ഫ് 32 പോ​രാ​ട്ടം ആ​വേ​ശ​ക​ര​മാ​യ ​ൈക്ല​മാ​ക്സി​​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ ലോ​കം കാ​ത്തി​രി​ക്കു​ന്ന​തും ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്റീ​ന​യെ ഞാ​ഞ്ഞൂ​ൽ ക​ടി​ച്ച് വി​ഷം ചീ​റ്റു​മോ​യെ​ന്ന​റി​യാ​നാ​വും. ഗ്രൂ​പ്പും നോ​ക്കൗ​ട്ടി​ലെ ആ​ദ്യ ഘ​ട്ട​വും അ​വ​സാ​നി​ക്ക​വെ, ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്റീ​ന നേ​രി​ടാ​ൻ ബൂ​ട്ടു കെ​ട്ടു​ന്ന​ത് വി​ശ്വ​മേ​ള​യി​ലെ അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ കേ​പ് വെ​ർ​ഡെ​യെ. ഗ്രൂ​പ് റൗ​ണ്ടി​ൽ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ സ്​​പെ​യി​ൻ (0-0), ഉ​റു​ഗ്വാ​യ് (2-2), സൗ​ദി അ​റേ​ബ്യ (0-0) എ​ന്നീ വ​മ്പ​ന്മാ​രെ വ​ര​ച്ച വ​ര​യി​ൽ പി​ടി​​ച്ചു​കെ​ട്ടി ‘എ​ച്ച്’ ഗ്രൂ​പ്പി​ൽ നി​ന്നും ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് കേ​പ് വെ​ർ​ഡെ ക​ന്നി ലോ​ക​ക​പ്പി​ന്റെ നോ​ക്കൗ​ട്ട് ബ​ർ​ത്തു​റ​പ്പി​ക്കു​ന്ന​ത്. ല​മി​ൻ യ​മാ​ൽ മു​ത​ൽ പെ​ഡ്രി​യും ഒ​യ​ർ​സ​ബാ​ളും റോ​ഡ്രി​യും ഉ​ൾ​പ്പെ​ടെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന സ്​​പെ​യി​നി​നെ ഗോ​ള​ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ പി​ടി​ച്ചു​കെ​ട്ടി​യാ​ണ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​പ് വെ​ർ​ഡെ വ​ര​വ​റി​യി​ച്ച​ത്. വ​ൺ ടൈം ​അ​ട്ടി​മ​റി​യെ​ന്ന് വി​ല​യി​രു​ത്തി എ​ഴു​തി​ത്ത​ള്ളി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു പി​ന്നീ​ട് ഉ​റു​ഗ്വാ​യി​ക്കും സൗ​ദി​ക്കു​മെ​തി​രെ ന​ട​ത്തി​യ​ത്. 40കാ​ര​നാ​യ ഗോ​ൾ കീ​പ്പ​ർ വൊ​സീ​ഞ്ഞ​യു​ടെ അ​ത്ഭു​ത​ക​ര​മാ​യ പ്ര​ക​ട​ന​ത്തി​നൊ​പ്പം, ഗോ​ള​ടി​ക്കാ​നും പ്ര​തി​രോ​ധി​ക്കാ​നും മി​ടു​​ക്കു​ണ്ടെ​ന്ന് ​കാ​ൽ​പ​ന്തു​ലോ​ക​ത്തി​ൽ സ്ഥാ​പി​ച്ചാ​യി​രു​ന്നു നോ​ക്കൗ​ട്ടി​ലേ​ക്കു​ള്ള മാ​ർ​ച്ച്.

വ​ട​​ക്ക​ൻ അ​മേ​രി​ക്ക​ൻ ലോ​ക​ക​പ്പി​ലെ ക​റു​ത്ത​കു​തി​ര​ക​ളാ​യി കേ​പ് വെ​ർ​ഡെ കു​തി​ക്കു​മ്പോ​ൾ നോ​ക്കൗ​ട്ടി​ൽ എ​തി​രാ​ളി​ക​ളാ​യി എ​ത്തു​ന്ന അ​ർ​ജ​ന്റീ​ന​യും ക​രു​ത​ലോ​ടെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. കേ​പ് വെ​ർ​ഡെ​യെ ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ളെ​ന്നാ​യി​രു​ന്നു ര​ണ്ടു ദി​വ​സം മു​മ്പ് അ​ർ​ജ​ന്റീ​ന കോ​ച്ച് ല​യ​ണ​ൽ സ്ക​ലോ​ണി​യു​ടെ പ്ര​തി​ക​ര​ണം. ലോ​ക​ക​പ്പി​ൽ പു​തു​മു​ഖ​ങ്ങ​ളെ​ങ്കി​ലും, അ​വ​രു​ടെ ഫു​ട്ബാ​ളി​നെ നി​സ്സാ​ര​മാ​യി കാ​ണി​ല്ലെ​ന്നും കോ​ച്ച് ന​യം വ്യ​ക്ത​മാ​ക്കി.

ഗ്രൂ​പ് ‘ജെ’​യി​ൽ നി​ന്നും മൂ​ന്നി​ൽ മൂ​ന്നും ജ​യി​ച്ച്, എ​തി​രാ​ളി​ക​ളു​ടെ വ​ല​യി​ൽ എ​ട്ടു ഗോ​ളു​ക​ൾ അ​ടി​ച്ച് ആ​ധി​കാ​രി​ക​ത​യോ​ടെ​യാ​ണ് അ​ർ​ജ​ന്റീ​ന​യു​ടെ കു​തി​പ്പ്. ഹാ​ട്രി​ക് ഉ​ൾ​പ്പെ​ടെ ആ​റ് ഗോ​ള​ടി​ച്ച ല​യ​ണ​ൽ മെ​സ്സി​യും, മെ​സ്സി​ക്കു പി​ന്നാ​ലെ ഫോ​മി​ലേ​ക്കു​യ​ർ​ന്ന മ​ക് അ​ലി​സ്റ്റ​ർ, എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ്, തി​യാ​ഗോ അ​ൽ​മാ​ഡ, ലൗ​താ​ര മാ​ർ​ടി​ന​സ് എ​ന്നി​വ​രും അ​ട​ങ്ങി​യ അ​ർ​ജ​ന്റീ​ന​ക്ക് ​ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല. എ​ന്നാ​ൽ, അ​പ​രി​ചി​ത​രാ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ അ​ധി​ക ജാ​ഗ്ര​ത​യി​ലാ​വും ചാ​മ്പ്യ​ന്മാ​രു​ടെ പ​ട​പ്പു​റ​പ്പാ​ട്. ജോ​ർ​ഡ​നെ​തി​രെ തു​ട​ക്ക​ത്തി​ൽ ബെ​ഞ്ചി​ലി​രു​ന്ന മെ​സ്സി​യും ഡി ​പോ​ളും മ​ക് അ​ലി​സ്റ്റും ഉ​ൾ​പ്പെ​ടെ ​െപ്ല​യി​ങ് ഇ​ല​വ​നി​ൽ തി​രി​ച്ചെ​ത്തും. പ​രി​ക്ക് മാ​റി​യ ക്രി​സ്റ്റ്യ​ൻ റൊ​മീ​റോ​യും തി​രി​കെ​യെ​ത്തും. ​ക​ളി​ച്ച മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ഗോ​ള​ടി​ച്ച മെ​സ്സി​യും, ക്ലീ​ൻ ഷീ​റ്റു​മാ​യി കു​തി​ക്കു​ന്ന കേ​പ് ഗോ​ളി വൊ​സീ​ഞ്ഞ​യും ത​മ്മി​ലാ​വും മ​യാ​മി​യി​ലെ സൂ​പ്പ​ർ പോ​രാ​ട്ടം.

ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ അ​ർ​ജ​ന്റീ​ന തോ​റ്റി​ട്ടി​ല്ല എ​ന്ന റെ​ക്കോ​ഡും ആ​ത്മ​വി​ശ്വാ​സ​മാ​യു​ണ്ട്. 2019 കോ​പ സെ​മി​യി​ൽ ബ്ര​സീ​ലി​നെ​തി​രെ​യാ​യി​രു​ന്നു അ​വ​സാ​ന നോ​ക്കൗ​ട്ട് തോ​ൽ​വി.