‘കൊലപാതക രാഷ്ട്രീയം പാർട്ടി നിലപാടല്ല,കൊലയ്ക്ക് പകരം കൊലയെന്നത് അംഗീകരിക്കില്ല’; മധുസൂദനന്‍റെ കൊലവിളി പ്രസംഗം തള്ളി എം.വി ഗോവിന്ദൻ

കണ്ണൂര്‍: പയ്യന്നൂർ മുൻ എംഎൽഎ ടി.ഐ മധുസൂദനന്‍റെ കൊലവിളി പ്രസംഗം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കൊലപാതക രാഷ്ട്രീയം പാർട്ടി നിലപാടല്ല.കൊലയ്ക്ക് പകരം കൊലയെന്നത് അംഗീകരിക്കില്ല. രാഷ്‌ട്രീയ കൊലപാതകങ്ങൾ ഇനിയുണ്ടാകരുത്. തൃശൂർ സമ്മേളനത്തിൽ അക്കാര്യം വ്യക്തമാക്കിയതാണെന്നും ഗോവിന്ദൻ പറഞ്ഞു.
വിവാദ പ്രസംഗത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. രാഷ്ട്രീയത്തിന്‍റെ വഴി കൊലപാതകമല്ല, ആശയത്തിന്‍റെതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കൊലവിളിയും അതിന്‍റെ മഹത്വം പറയുന്നതുമല്ല. കമ്മ്യൂണിസ്റ്റ് രീതിയെന്നും ബിനോയ് വിശ്വം വിമർശിച്ചു.
പ്രസംഗം അനാവശ്യമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു. തിരുത്തൽ പ്രക്രിയയുടെ അന്തസ്സത്ത ഇല്ലാതാക്കുന്ന പ്രസംഗമെന്നും പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനം ഉയര്‍ന്നു.
അതേസമയം മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ കൂടുതൽ നടപടിക്കൊരുങ്ങുകയാണ് പൊലീസ്. കോടതിയെ അവഹേളിച്ചതിൽ കേസ് എടുക്കണോ എന്ന് കോടതിയുടെ നിർദേശപ്രകാരം തീരുമാനിക്കും. ഇതിനായി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകും.
ഇതിനിടെ മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസ്താവന ആയുധമാക്കാനൊരുങ്ങുകയാണ് സിപിഎം. സത്യപ്രതിജ്ഞാ ലംഘനം ആരോപിച്ച് ഗവർണർക്ക് പരാതി നൽകാനും നീക്കമുണ്ട്. വ്യക്തികളാകും പരാതി നൽകുക. ടി.ഐ മധുസൂദനൻ്റെ കൊലവിളി പ്രസംഗത്തിന് എതിരായ നടപടിയെ പ്രതിരോധിക്കാനാണ് നീക്കം. നവംബര്‍ 20ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി.
തങ്ങള്‍ ഒന്നും മറക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു വി.ഡി സതീശന്റെ പ്രസംഗം. ഇതിനെതിരെ ഡിവൈഎഫ്ഐ പരാതി നല്‍കിയിരുന്നു.
പാർട്ടിയെ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുന്നവർക്കെതിരെ ഭീഷണിയുടെ സ്വരത്തിലായിരുന്നു മധുസൂദനൻ്റെ പ്രസംഗം. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിന് പാർട്ടിക്ക് മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനൻ പറഞ്ഞിരുന്നു.
