പാകിസ്താൻ സിന്ദാബാദ് വിളിച്ചു; 21 തവണ ദേശീയ പതാകയെ സല്യൂട്ട് ചെയ്യണമെന്ന നിബന്ധനയിൽ ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി
ഭോപ്പാൽ: ‘പാകിസ്താൻ സിന്ദാബാദ്, ഹിന്ദുസ്ഥാൻ മൂർദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചയാൾക്ക് നിബന്ധനയോടെ ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഒരു മാസത്തിൽ രണ്ട് തവണ വീതം 21 തവണ ദേശീയ പതാകയെ സല്യൂട്ട് ചെയ്യണമെന്നും അപ്പോൾ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കണമെന്നുമാണ് നിബന്ധന.High Court
പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിന് മെയ് 17നാണ് ഫൈസാൻ എന്ന വ്യക്തി ഭോപ്പാലിൽ അറസ്റ്റിലായത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനാണ് പ്രതി ലക്ഷ്യമിട്ടതെന്നും ഇയാളുടെ പ്രവൃത്തി ഐക്യവും ദേശീയോദ്ഗ്രഥനവും നിലനിർത്തുന്നതിന് ദോഷകരമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വിചാരണ തീരുന്നത് വരെ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ച രാവിലെ 10നും ഉച്ചക്കുമിടയിൽ ഫൈസാൻ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് ദിനേശ് കുമാർ പാലിവാൾ പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ അവിടെ ഉയർത്തിയ ദേശീയ പതാകയെ സല്യൂട്ട് ചെയ്യാനാണ് നിർദേശം. 50,000 രൂപ ബോണ്ടായി കെട്ടിവെക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഫൈസാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഫൈസാൻ സ്ഥിരം കുറ്റവാളിയാണെന്നും അദ്ദേഹത്തിനെതിരെ 14 കേസുകൾ നിലവിലുണ്ടെന്നും സർക്കാർ അഭിഭാഷകനായ സി.കെ മിശ്ര പറഞ്ഞു. താൻ ജനിച്ചുവളർന്ന നാടിനെതിരെ പരസ്യമായി മുദ്രാവാക്യം മുഴക്കുകയാണ് ഫൈസാൻ ചെയ്തത്. ഈ രാജ്യത്ത് അദ്ദേഹം തൃപ്തനല്ലെങ്കിൽ തനിക്ക് താൽപ്പര്യമുള്ള രാജ്യത്തേക്ക് പോകാമെന്നും മിശ്ര പറഞ്ഞു.