പിഎം ശ്രീ പദ്ധതി: കേന്ദ്രവുമായി ചർച്ച നടത്താൻ സംസ്ഥാന സർക്കാർ

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. പദ്ധതിയെക്കുറിച്ചുള്ള മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രമായിരിക്കും കേന്ദ്രവുമായുള്ള ചർച്ചകളിലേക്ക് സംസ്ഥാനം കടക്കുക. പാഠ്യപദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ യാതൊരുവിധ ഇടപെടലുകളും പാടില്ല, പദ്ധതിക്കായി സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള പൂർണ അധികാരം സംസ്ഥാന സർക്കാരിനായിരിക്കണം എന്നീ രണ്ട് പ്രധാന ഉപാധികളാണ് സംസ്ഥാനം കേന്ദ്രത്തിന് മുന്നിൽ വെക്കുന്നത്.
ഈ രണ്ട് വ്യവസ്ഥകളും കേന്ദ്രം അംഗീകരിച്ചാൽ മാത്രമേ പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ട് പോകൂ എന്ന ഉറച്ച നിലപാടിലാണ് സർക്കാർ. പദ്ധതിയുടെ കരാറിൽ ഒരിക്കൽ ഒപ്പിട്ട് കഴിഞ്ഞാൽ പിന്നീട് അതിൽ നിന്നും പിന്മാറാൻ കഴിയില്ല എന്നതിനാലാണ് സംസ്ഥാനം ഈ മുൻകരുതലുകൾ എടുക്കുന്നത്. തങ്ങളുടെ ഉപാധികൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ മുൻപ് തന്നെ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നെങ്കിലും ഇതിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥ തലത്തിലായിരിക്കും കേന്ദ്രവുമായി ചർച്ചകൾ നടക്കുക. ഈ ചർച്ചകളിൽ ഒരു അന്തിമ തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രിതലത്തിലുള്ള രാഷ്ട്രീയ ചർച്ചകൾ നടക്കും. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മന്ത്രിമാർ നേരിട്ട് ഉൾപ്പെടുന്ന രണ്ടാം ഘട്ട ചർച്ചകളിലേക്കായിരിക്കും പിന്നീട് കാര്യങ്ങൾ നീങ്ങുക. കേന്ദ്രത്തിൽ നിന്ന് കത്തിന് മറുപടി ലഭിക്കുകയും മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്ന മുറയ്ക്ക് തന്നെ ചർച്ചകൾ ആരംഭിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
