ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച പറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂരിൽ മുഖത്ത് പരുക്കേറ്റ് ചികിത്സക്കെത്തിയ ഒന്നരവയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച സംഭവിച്ചതിൽ കേസെടുത്ത് പൊലീസ്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിൻ ഡാമേജ് സംഭവിച്ചെന്നാണ് എഫ്ഐആർ.
മിനിഞ്ഞാന്നാണ് കണ്ണൂർ എരമം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് കളിക്കുന്നതിനിടെ വീണ് പരുക്കേറ്റത്. ചുണ്ടിലും മുഖത്തുമായിരുന്നു പരുക്ക്. ആദ്യം മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. തുടർന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്റ്റിച്ച് ഇടാൻ വേണ്ടിയാണ് ഡോക്ടേഴ്സ് കുഞ്ഞിന് അനസ്തേഷ്യ നൽകിയത് . ഇതോടെ കുഞ്ഞിന് ബോധം നഷ്ടമായി. തുടർന്ന് വിദഗ്ധ ചികിത്സക്ക് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. അടിയന്തിര ഘട്ടങ്ങളിൽ അല്ലാതെ രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് അനസ്തേഷ്യ നൽകാറില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇതോടെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ചികിത്സ പിഴവ് ആരോപിച്ച് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
