വാൽപ്പാറ അപകടം; ചികിത്സയിലുണ്ടായിരുന്ന ബസ് ഡ്രൈവർ നൗഷാദ് മരിച്ചു
കോയമ്പത്തൂർ/കൊളത്തൂർ: തമിഴ്നാട് വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾകൂടി മരിച്ചു. പാങ്ങ് ജി.എൽ.പി സ്കൂളിലെ ബസ് ഡ്രൈവർ വാഴേങ്ങലിൽ താമസിക്കുന്ന അക്കപറമ്പിൽ നൗഷാദ് അലിയാണ് (39) മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണം സംഭവിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കൃത്യമായി ചികിത്സ നൽകിയില്ലെന്നും തുടർ ചികിത്സക്കായി വിദഗ്ധ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
എന്നാൽ, മികച്ച ചികിത്സ നൽകിയതായും പരമാവധി ശ്രമം നടത്തിയതായും ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ പെട്ട വാനിന്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് (22) അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ഇയാൾ. പരിക്കേറ്റ ഷഹദിൻ മുഹമ്മദിന്റെ നിലയില്‍ നേരിയ പുരോഗതിയുള്ളതിനാല്‍ വാർഡിലേക്ക് മാറ്റി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സർക്കാർ എൽ.പി സ്കൂളില്‍ നിന്നുള്ള വിനോദ യാത്രാസംഘം സഞ്ചരിച്ച വാൻ വെള്ളിയാഴ്ച വൈകീട്ട് 5.20നാണ് വാൽപാറ ചുരം റോഡില്‍ താഴ്ചയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്. പാങ്ങ് ഗവ. എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകർ, സ്കൂളിലെ പാചകത്തൊഴിലാളി, പാങ്ങ് ഗവ. യു.പി സ്കൂൾ അധ്യാപിക, ഒരു അധ്യാപകന്റെ ഭാര്യ, ഒരു അധ്യാപികയുടെ മകൻ എന്നിവരാണ് നേരത്തേ മരിച്ചത്.
ഏലംകുളം മുതുകുർശിയിലെ പരേതനായ അബ്ദുവിന്റെ മകനാണ് മരിച്ച നൗഷാദ് അലി. ഭാര്യ: സീനത്ത് (എ.എം.എൽ.പി സ്കൂൾ, പാങ്ങ് സൗത്ത്). മക്കൾ: ഫഹിം നാജിദ്, സൻഹ ഫാത്തിമ.
ചികിത്സക്ക് സൗകര്യം ചെയ്തില്ലെന്ന് നൗഷാദിന്റെ ബന്ധുക്കൾ
കൊളത്തൂർ: മതിയായ ചികിത്സ നൽകാൻ സൗകര്യം ചെയ്തില്ലെന്ന ആരോപണവുമായി നൗഷാദ് അലിയുടെ ബന്ധുക്കൾ രംഗത്തെത്തി. ആശുപത്രി മാറ്റാനുള്ള അനുമതി നൽകിയില്ലെന്നും കുടുംബം വ്യക്തമാക്കി.
വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തട്ടി നിൽക്കുന്ന അവസ്ഥയിലായിരുന്നു നൗഷാദ്. ശസ്ത്രക്രിയ വൈകി. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ തയാറായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. കലക്ടറുടെ അനുമതി വേണമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരുന്നതെന്ന് നൗഷാദ് അലിയുടെ സഹോദരീപുത്രൻ ഷഫീഖ് പറഞ്ഞു.
ആശുപത്രി മാറ്റാനുള്ള മുഴുവൻ സംവിധാനങ്ങളും ഒരുക്കിയെങ്കിലും അധികൃതർ തയാറായില്ല. ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി പറഞ്ഞ തങ്ങളെ പ്രയാസപ്പെടുത്തുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്നും ഷഫീഖ് പറഞ്ഞു. അനുശോചനമറിയിക്കാൻ നൗഷാദ് അലിയുടെ വീട് സന്ദർശിച്ച മന്ത്രി വി. അബ്ദുറഹിമാനോടും ബന്ധുക്കൾ പരാതി അറിയിച്ചു.
