പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും ബി.ജെ.പി ചിഹ്നമുള്ള പേന ഉപയോഗിച്ചു; പരാതിയുമായി കോൺഗ്രസ്
ഗാന്ധിനഗർ: ബി.ജെ.പിയുടെ പോളിങ് ഏജന്റുമാരും പോളിങ് ഓഫീസർമാരും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് കോൺഗ്രസ് ചൊവ്വാഴ്ച ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിൽ (ഇ.സി.ഐ) പരാതി നൽകി. ബി.ജെ.പി ചിത്രവും ചിഹ്നവുമുള്ള പേനകൾ ബി.ജെ.പി പോളിങ് ഏജന്റുമാരും പോളിങ് ഉദ്യോഗസ്ഥരും പോളിങ് കേന്ദ്രങ്ങളിൽ ഉപയോഗിച്ചെന്നാണ് ആരോപണം. ബി.ജെ.പി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായും ചില പ്രദേശങ്ങളിൽ വോട്ടെടുപ്പ് തടസ്സപ്പെടുത്താൻ സാമൂഹിക വിരുദ്ധർ ശ്രമിച്ചെന്നും കോൺഗ്രസ് പാർട്ടിയും നേതാക്കളും പരാതിയിൽ ഉന്നയിച്ചു.Polling
എല്ലാ പോളിങ് ബൂത്തും ബി.ജെ.പിയുടെ ചിഹ്നമുള്ള കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ബി.ജെ.പി സ്വീകരിക്കുന്ന അഴിമതിയാണിതെന്നും പരാതിയിൽ പറയുന്നു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമുള്ള സ്റ്റേഷനറി സാധനങ്ങൾ പോളിങ് കേന്ദ്രങ്ങളിൽ ഉണ്ടെന്ന് കോൺഗ്രസ് പാർട്ടി ഉന്നയിച്ചതിനെത്തുടർന്ന് താൻ വോട്ട് രേഖപ്പെടുത്താൻ പോയ ഗാന്ധിനഗറിലെ സെക്ടർ-19 പോളിങ് സ്റ്റേഷന്റെ വീഡിയോകൾ ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് ശക്തിസിങ് ഗോഹിൽ എക്‌സിലും ഇൻസ്റ്റാഗ്രാമിലും പങ്കുവെച്ചു. വിഷയത്തിൽ കണ്ണടച്ചതിന് പ്രിസൈഡിങ് ഓഫീസറെ ഗോഹിൽ ചോദ്യം ചെയ്യുന്നതും കോൺഗ്രസിന്റെ പരാതിയിൽ ഇ.സി.ഐ നടപടിയെടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.