പ്രധാനമന്ത്രി തലസ്ഥാനത്ത്; കനത്ത സുരക്ഷയിൽ റോഡ് ഷോ



തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വീകരിച്ചു.

വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ ആയാണ് എത്തിയത്. പുത്തരിക്കണ്ടം മൈതാനത്തെ വേദിയിൽ തിരുവനന്തപുരം– താംബരം, തിരുവനന്തപുരം– ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ–തൃശൂർ പാസഞ്ചർ എന്നിവ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

ഒപ്പം സംസ്ഥാനത്തെ 250 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി തറക്കല്ലിടും. അതിവേഗ റെയിൽപാത, സ്മാർട്ട്​ സിറ്റിയുടെ അടുത്തഘട്ടം അടക്കമുള്ളവയിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന കാര്യത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും അ റിവൊന്നുമില്ലെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശനം വികസനത്തിൽ വലിയ മുതൽക്കൂട്ടായി മാറു​മെന്നാണ്​ നേതൃത്വം പറയുന്നത്​. ​

നഗരത്തിന്‍റെ മാലിന്യപ്രശ്നം പരിഹരിക്കാൻ ഇൻഡോർ മാതൃകയിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്‍റ്​, കോർപറേഷൻ പരിധിയിൽ 20,000 വീടുകൾ, സമഗ്ര ഡ്രെയിനേജ്​ സംവിധാനം, പത്​മനാഭ സ്വാമി ക്ഷേ​ത്രം- ആറ്റുകാൽ ക്ഷേത്രം -വെട്ടുകാട്​ പള്ളി -ബീമ പള്ളി എന്നിവ ചേർത്തുള്ള തീർഥാടന ടൂറിസം പദ്ധതി, തിരുവനന്തപുരം മെട്രോ, കരമനയാർ -കിള്ളിയാർ -ആമയിഴഞ്ചാൻ തോട്​ -പാർവതി പുത്തനാർ എന്നിവ ഗംഗ മിഷൻ മാതൃകയിൽ ശുദ്ധീകരിക്കൽ അടക്കമുള്ളവ കോർപറേഷൻ തന്നെ പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്​.