ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച: പ്രതികൾ വിദേശത്തേക്ക് രക്ഷപ്പെട്ടു

കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച കേസിൽ പ്രതികളായ കുന്നുമ്മൽ അബ്ദുൽറസാഖ് എന്ന റോട്ടാന റസാഖ്, സഹോദരൻ കുന്നുമ്മൽ ഹസൻ (അസൈനാർ) എന്നിവർ വിദേശത്തേക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച ഇരുവരും ഖത്തറിലെത്തിയതായാണ് വിവരം.

പ്രതികൾ വിദേശത്തേക്ക് കടന്ന ശേഷം കഴിഞ്ഞദിവസമാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നാട്ടിലായിരുന്ന പ്രതികൾ പ്രതിപ്പട്ടികയിൽ പൊലീസ് ഉൾപ്പെടുത്തുമെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവർക്ക് പുറമേ കവർച്ച ഗൂഢാലോചനയുടെ സൂത്രധാരൻ എന്ന് അരോപണമുയർന്ന കമറുദ്ദീൻ പയ്യോളിയും നിലവിൽ ഖത്തറിലുണ്ട്.

നിലവിൽ, കവർച്ച കേസിൽ ആരോപണം ഉയരുന്ന കെ.എം.സി.സി നേതാവ് റോട്ടാന റസാഖ് മാത്രമാണ്. നേരത്തേ ആരോപണം ഉയർന്നതോടെ ഇയാളെ മുസ് ലിം ലീഗിന്റെയും കെ.എം.സി.സി അടക്കമുള്ള പോഷക സംഘടനകളുടെയും അംഗത്വത്തിൽനിന്ന് സംസ്ഥാന നേതൃത്വം പുറത്താക്കുകയായിരുന്നു. മോഷണത്തിന് പിന്നില്‍ സംഘടനയിലെ അംഗങ്ങള്‍ തന്നെയാണെന്ന് പൊലീസിൽ കീഴടങ്ങിയ പ്രതി ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.

തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെ.എം.സി.സി ഓഫിസിന്റെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് പൊലീസിൽ കീഴടങ്ങിയ കൊയിലാണ്ടിയിലെ ബി.ജെ.പി പ്രാദേശിക നേതാവും വെൽഡിങ് ജോലിക്കാരനുമായ ബാലകൃഷ്ണൻ മൊഴിയിൽ പറയുന്നത്.