ലഹരിയോട് നോ പറയാം, ഫുട്ബാളിലേക്ക് കൈകോർക്കാം; കിക്കോഫിന് ഒരുങ്ങി ‘വേണ്ട കപ്പ് 2026’

കൊച്ചി: വേണ്ട കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഒമ്പതാംപതിപ്പ് കിക്കോഫിന് ഒരുങ്ങി. ലഹരി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഫോർത്ത് വേവ് ഫൗണ്ടേഷൻ ‘പ്രോജക്റ്റ് വേണ്ട’യാണ് ‘വേണ്ട കപ്പ് 2026’ സംഘടിപ്പിക്കുന്നത്. ഗെയിം ഫോർ സേഫ് (സബ്സ്റ്റൻസ് അഭ്യൂസ് ഫ്രീ എൻവയർമെൻറ്) അഥവാ കളിയിലൂടെ ലഹരിവിമുക്തമായ അന്തരീക്ഷം എന്നതാണ് പ്രമേയം.

സമൂഹത്തിൽ പരിമിതമായ അവസരങ്ങൾ ലഭിച്ചുവരുന്ന കുട്ടികൾക്ക് പ്രഫഷണൽ ഫുട്ബാളിലേക്കുള്ള പ്രോത്സാഹനം കൂടിയാണ് ടൂർണമെന്റ് ലക്ഷ്യമിടുന്നത്. ഇൻക്ലൂഷൻ, ഫെയർ പ്ലേ തുടങ്ങിയ ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്നതുവഴി, വൈദഗ്ധ്യമോ കഴിവോ കണക്കിലെടുക്കാതെ, സമൂഹത്തിലെ കളിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും എല്ലാ കളിസ്ഥലങ്ങളിലും അവസരം ലഭിക്കും.

ഈ വർഷം എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള സോണൽ മത്സരങ്ങൾ ഒക്ടോബർ ഒമ്പതു മുതൽ 15 വരെ എറണാകുളം പനമ്പിള്ളി നഗറിലെ സൂപ്പർ കോച്ച് മുത്തൂറ്റ് ഫുട്ബാൾ ക്ലബ്ബിൽ നടത്തും. ഈ സോണിൽ നാല് ജില്ലകളിൽ നിന്നുമായി 20 ആൺകുട്ടികളുടെ ടീമും, 20 പെൺകുട്ടികളുടെ ടീമും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 160 സ്കൂൾ ടീമുകൾ നാല് സോണുകളിലായി (കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് സോൺ; മലപ്പുറം, പാലക്കാട്, തൃശൂർ സോൺ; എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ സോൺ; പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം സോൺ) മത്സരിക്കും. ആകെ 800 ആൺകുട്ടികളും 800 പെൺകുട്ടികളും ഉൾപ്പടെ 1600 കുട്ടികൾ ടൂർണമെന്റിൽ പങ്കെടുക്കും.

ഒക്ടോബർ 24 നും 25നും എറണാകുളത്ത് സംസ്ഥാനതല ഗ്രാൻഡ് ചാമ്പ്യൻഷിപ്പിൽ നാല് സോണുകളിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട കുട്ടികൾ പങ്കെടുക്കും. 14 ജില്ലകളിൽ നിന്നും, നാല് സോണുകളിലായി ടൂർണമെന്റിൽ മത്സരിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടിയുള്ള ഫുട്ബാൾ കിറ്റുകൾ സ്പോൺസർ ചെയ്യുന്നത് അലയൻസ് സർവിസസ് ഇന്ത്യയാണ്.

11 മുതൽ 22 വയസ്സ് വരെയുള്ള കുട്ടികൾക്ക് ട്രെയിനിങ് ക്ലാസുകൾ, കൗൺസിലിങ്, സൈക്കോതെറാപ്പി തുടങ്ങിയ വിവിധ പരിപാടികൾ ‘പ്രോജക്റ്റ് വേണ്ട’ നടത്തിവരുന്നു. മയക്കുമരുന്നിനോടും മറ്റു ലഹരിപദാർഥങ്ങളോടും ‘നോ’ പറയാൻ കൗമാരപ്രായക്കാരായ കുട്ടികളെ ബോധവാന്മാരാക്കുന്ന പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.