വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷന്റെ അനുമതി; 250 മെഗാ വാട്ട് വരെ വാങ്ങാം, യൂണിറ്റിന് 10 രൂപയിൽ താഴെയായിരിക്കണം



തിരുവനന്തപുരം: പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമീഷന്റെ അനുമതി. അടിയന്തിര സാഹചര്യം പരിഗണിച്ചാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്‍.ഇ.ബിക്ക് റെഗുലേറ്ററി കമീഷൻ അനുമതി നല്‍കിയത്. കെ.എസ്.ഇ.ബി നല്‍കിയ പെറ്റീഷൻ പരിഗണിച്ചാണ് തീരുമാനം.

പരമാവധി 250 മെഗാ വാട്ട് വരെ വൈദ്യുതി വാങ്ങാം. വൈദ്യുതി വില യൂണിറ്റിന് 10 രൂപയിൽ താഴെയായിരിക്കണം. മെയ്‌ 15 വരെയാണ് സമയ പരിധി നല്‍കിയിരിക്കുന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ 18ന് പ്രതിദിന ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ബോര്‍ഡ്, റെഗുലേറ്ററി കമീഷന് പെറ്റീഷൻ നല്‍കിയത്. കഴിഞ്ഞ 24ന് കമീഷന് ഹിയറിംഗ് നടത്തിയെങ്കിലും പെറ്റീഷൻ പൂര്‍ണമല്ലാത്തതിനാൽ പുതുക്കി നല്‍കാൻ നിർദേശിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലാണ്. നിലവിലെ താത്കാലിക പ്രതിസന്ധി മറികടക്കാൻ വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ, എ.സി തുടങ്ങിയവയുടെ ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങും വൈകീട്ട് ആറ് മണിക്ക് ശേഷം ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി അധികൃതർ അഭ്യർഥിച്ചു.

പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വൈദ്യുതിയുടെ ആവശ്യകത നിലവിലുണ്ടെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചും പുറത്തുനിന്ന് വൈദ്യുതി എത്തിച്ചും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു. ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ-വിതരണ ശൃംഖല വലിയ സമ്മർദ്ദത്തിലാണ്. ഇതിനാൽ ചിലയിടങ്ങളിൽ അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമം ശൃംഖലാ പുനക്രമീകരണത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം ക്രമീകരണങ്ങൾ വഴി ഉയർന്ന വൈദ്യുതി ബിൽ ഒഴിവാക്കാമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.