ബി.പി അങ്ങാടിയിൽ മൂന്ന് വീടുകളിൽ കവർച്ച; ഏഴര ലക്ഷം രൂപയും ഏഴുപവനും കവർന്നു

തിരൂർ: ബി.പി അങ്ങാടിയിൽ മൂന്ന് വീടുകളിൽ കവർച്ച. ഏഴ് പവൻ സ്വർണാഭരണവും പണവും ഏഴര ലക്ഷം രൂപയും കവർന്നു. മൊബൈൽഫോണും എ.ടി.എം കാർഡുമടക്കം നഷ്ടമായിട്ടുണ്ട്. ബി.പി അങ്ങാടി കാരയിൽ നമ്പംകുന്നത്ത് ഉസ്മാൻ, ചെറിയേരി പിടിയേക്കൽ സഹീർ, മനാഫ് എന്നിവരുടെ വീടുകളിൽ ബുധനാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്.
വീട്ടുകാർ പുതിയങ്ങാടി നേർച്ചക്ക് പോയ അവസരത്തിലാണ് സംഭവം. ഉസ്മാന്റെ വീട്ടിൽ കയറിയ മോഷ്ടാക്കൾ ഭാര്യ സാഹിറയുടെ മഹർ ചെയിനും മക്കളുടെ സ്വർണാഭരണവുമടക്കം ഏഴ് പവൻ കവർന്നു. ഇവിടെ നിന്ന് മൊബൈൽ ഫോണും എ.ടി.എം കാർഡും നഷ്ടമായിട്ടുണ്ട്. ചെറിയേരി പിടിയേക്കൽ സഹീർ, മനാഫ് എന്നിവരുടെ വീടുകളിൽ നിന്നാണ് പണം കവർന്നത്.
വീടിന്റെ മുൻ വാതിൽ കുത്തി തുറന്നാണ് മോഷണം നടന്നത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സതീഷ് കുമാറിന്റെ വീട്ടിലും മോഷണശ്രമം ഉണ്ടായി. വീട്ടുകാർ നേർച്ച കഴിഞ്ഞ് എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് തിരൂർ എസ്.എച്ച്.ഒ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പൊലീസും മലപ്പുറത്ത് നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദൻ വിവേകാനന്ദനും സ്ഥലത്തെത്തി പരിശോധന നടത്തി.
