സബിയക്ക് ജനനസർട്ടിഫിക്കറ്റ്; സഹദിന്റെയും സിയയുടെയും പോരാട്ടത്തിന് വിജയം


കോഴിക്കോട്: വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിനൊടുവിൽ ട്രാൻസ്ജെൻഡർ ദമ്പതികളായ സഹദിന്റെയും സിയാപവലിന്റെയും മകൾ സബിയക്ക് ജനന സർട്ടിഫിക്കറ്റ് ലഭിച്ചു. തിങ്കളാഴ്ചയാണ് കോഴിക്കോട് കോർപറേഷനിൽ നിന്നയച്ച കുഞ്ഞിന്റെ സർട്ടിഫിക്കറ്റ് ഇവരുടെ കൈവശം കിട്ടിയത്. സാധാരണ കുഞ്ഞ് ജനിച്ച് മാസങ്ങൾക്കകം ജനനസർട്ടിഫിക്കറ്റ് കിട്ടും. സിയയുടെയും സഹദിന്റെയും കുഞ്ഞിന്റെ കാര്യം അങ്ങനെയായിരുന്നില്ല. സബിയക്ക് മൂന്നുവയസ്സ് തികഞ്ഞ വേളയിലാണ് ജനനസർട്ടിഫിക്കറ്റ് കിട്ടിയത്.

ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ മാതാപിതാക്കളായ സഹദിനും സിയക്കും 2023ൽ ആണ് പെൺകുഞ്ഞ് ജനിച്ചത്. പുരുഷനായി മാറാൻ സഹദ് ഹോർമോൺ ചികിത്സ തുടങ്ങിയ ഘട്ടമായിരുന്നു അത്. ഐ.വി.എഫ് ചികിത്സ വഴിയായിരുന്നു സഹദ് ഗർഭം ധരിച്ചത്. സിയ അപ്പോഴേക്കും സ്‍ത്രീയായി മാറിക്കഴിഞ്ഞിരുന്നു. കുഞ്ഞ് ജനിക്കുമ്പോഴേക്കും സഹദ് പൂർണമായും പുരുഷനായി മാറുകയും ചെയ്തു. അതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ മാതാവ്, പിതാവ് എന്നീ കോളങ്ങളിൽ ഇരുവരുടെയും പേരുകൾ ചേർക്കാൻ തടസ്സങ്ങൾ വന്നു. പിതാവിന്റെ സ്ഥാനത്ത് സഹദിനെയും മാതാവായി സിയയെയും ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നായിരുന്നു ദമ്പതികളുടെ ആഗ്രഹം. എന്നാൽ മാതാവിന്റെ സ്ഥാനത്ത് ബയോളജിക്കൽ മാതാവായ സഹദിന്റെയും പിതാവായി സിയയെയും രേഖപ്പെടുത്താനേ സാധിക്കുകയുള്ളൂവെന്ന് കോർപറേഷൻ അധികൃതർ തീർത്തുപറഞ്ഞു.

തുടർന്ന് ഇരുവരും നിയമപോരാട്ടത്തിന് ഇറങ്ങിത്തിരിച്ചു. മാതാവിന്റെയും പിതാവിന്റെയും പേരുകൾ പ്രത്യേകം രേഖപ്പെടുത്താൻ സാധിക്കില്ലെങ്കിൽ ജനനസർട്ടിഫിക്കറ്റിൽ മാതാപിതാക്കൾ എന്ന കോളം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. കുട്ടിയുടെ മാതാവിന്റെ പേര്, പിതാവിന്റെ പേര് എന്നീ കോളങ്ങൾക്കു പുറമെ മാതാപിതാക്കളുടെ പേര് എന്ന കോളംകൂടി ജനനസർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ ജൂണിൽ ഹൈകോടതി ഉത്തരവിട്ടു.

കോടതി വിധിയനുസരിച്ച് കെ-സ്മാർട്ട് സോഫ്റ്റ്വെയറിൽ മാറ്റംവരുത്താൻ സർക്കാറും ഉത്തരവിറക്കി. ഇതുസംബന്ധിച്ച് സോഫ്റ്റ്വെയറിൽ ക്രമീകരണം വരുത്താൻ ഇൻഫർമേഷൻ കേരള മിഷന് തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ നിർദേശം നൽകുകയും ചെയ്തു. വിധി വന്ന് രണ്ട് മാസങ്ങൾക്കകം മാറ്റങ്ങൾ വരുത്തിയ ജനനസർട്ടിഫിക്കറ്റ് അനുവദിക്കണമെന്നായിരുന്നു കോടതിയുത്തരവ്. മാസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴെങ്കിലും കുഞ്ഞിന് ജനനസർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ട്രാൻസ്ജെൻഡർ ദമ്പതികൾ. ആഗ്രഹിച്ച രീതിയിൽ മകൾക്ക് ഒരു ജനനസർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിലും അവളുടെ രക്ഷിതാക്കൾ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടല്ലോ എന്ന ആശ്വാസമാണിവർക്ക്.