പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ
കൊല്ലം: പ്ലസ്വൺ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കൊല്ലം കടയക്കലിൽ പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. കുമ്മിൽ മുക്കം സ്വദേശി അഫ്സൽ ജലാലാണ് പിടിയിലായത്.
ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു വിദ്യാർഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്.
ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം ഉപജില്ല കലോത്സവത്തിന് എത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥിനി.
സ്കൂളിന് സമീപത്തെ പാരലൽ കോളേജുകളും കലോത്സവ വേദികളായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനിയെ അഫ്സൽ ജലാൽ കടന്നു പിടിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം കുട്ടി കനത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കാര്യം ചോദിച്ചറിഞ്ഞ വിദ്യാർഥിനിയുടെ മാതാ പിതാക്കളാണ് കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയോട് അഫ്സൽ ജലാൽ നേരത്തെ പ്രണയാഭ്യർഥന നടത്തിയെന്നും പരാതിയിൽ പറയുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകി.
കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.