ഷക്കീറയുടെ ഈണത്തിൽ കാൽപ്പന്താരവം; ഉദ്ഘാടന ചടങ്ങിൽ വിരുന്നൊരുക്കാൻ ഷക്കീറയും ബർണ ബോയും

മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ കാത്തിരുന്ന ഫിഫ ലോകകപ്പിന്റെ 2026 പതിപ്പിന് മെക്സിക്കോയിൽ ആവേശകരമായ തുടക്കം. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന കായിക മാമാങ്കത്തിന് മൂന്ന് രാജ്യങ്ങളാണ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ആകെ 104 മത്സരങ്ങളാണ് ഈ ടൂർണമെന്റിൽ അരങ്ങേറുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 11:30 ന് മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന വർണ്ണാഭമായ ചടങ്ങുകളോടെയാണ് ടൂർണമെന്റിന് ഔദ്യോഗികമായി തിരിതെളിയുക.

ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പുലർച്ചെ 12:30 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലെ എതിരാളികളായ ദക്ഷിണാഫ്രിക്കയെ നേരിടും. 2010 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇരുടീമുകളും നേർക്കുനേർ വന്ന് 1-1 ന് സമനിലയിൽ പിരിഞ്ഞതിന്റെ ആവേശകരമായ ആവർത്തനത്തിനാണ് ഫുട്ബാൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ഷക്കീറയുടെ സംഗീതവിരുന്ന്

മത്സരത്തിന് മുന്നോടിയായി കാണികളെ ആവേശത്തിലാഴ്ത്താൻ വമ്പൻ ഉദ്ഘാടന ചടങ്ങുകളാണ് ഫിഫ ഒരുക്കിയിരിക്കുന്നത്. ഇത്തവണ മൂന്ന് ആതിഥേയ രാജ്യങ്ങളിലുമായി മൂന്ന് വ്യത്യസ്ത ഉദ്ഘാടന ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അതിൽ ആദ്യത്തേതാണ് ഇന്ന് മെക്സിക്കോയിൽ നടക്കുക. വിഖ്യാത പോപ്പ് ഗായിക ഷക്കീറയും നൈജീരിയൻ താരം ബർണ ബോയും ചേർന്ന് ഈ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ദായ്… ദായ്’ ആദ്യമായി വേദിയിൽ തത്സമയം ആലപിക്കും. ഇവരെ കൂടാതെ അന്താരാഷ്ട്ര താരങ്ങളായ ടൈല, ജെ ബാൽവിൻ എന്നിവർക്കൊപ്പം മെക്സിക്കൻ ഗായകരായ അലജാന്ദ്രോ ഫെർണാണ്ടസ്, ലില ഡൗൺസ്, ബെലിൻഡ, ഡാനി ഓഷ്യൻ എന്നിവരും ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകും. പെലെയും മറഡോണയും കിരീടം ചൂടിയ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയം മൂന്ന് ലോകകപ്പുകൾക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയമെന്ന റെക്കോർഡും ഇതോടെ സ്വന്തമാക്കും.

പ്രതിഷേധത്തിന്റെ നിഴലിൽ മെക്സിക്കോ സിറ്റി

ലോകകപ്പ് ആവേശം കൊടുമുടിയിലെത്തുമ്പോഴും മെക്സിക്കോയിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുകേൾക്കുന്നത് ആശങ്ക പടർത്തുന്നുണ്ട്. ടൂർണമെന്റിനായി സർക്കാർ കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നതിനെതിരെയാണ് രാജ്യത്ത് വ്യാപക പ്രതിഷേധം നടക്കുന്നത്. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമിനെതിരെ വൻ ജനരോഷമാണ് ഉയരുന്നത്. രാജ്യത്ത് പതിനായിരക്കണക്കിന് ആളുകളെ കാണാതാകുന്ന പശ്ചാത്തലത്തിൽ, ജനങ്ങളുടെ സുരക്ഷയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ലോകകപ്പിനായി വൻതുക ധൂർത്തടിക്കുന്നു എന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. അധ്യാപക യൂനിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ലോകകപ്പുമായി ബന്ധപ്പെട്ട പ്രതിമകൾ തകർക്കപ്പെടുകയും പ്രധാന ഫാൻ ഫെസ്റ്റിവലുകൾ നടക്കേണ്ട പ്ലാസകളിലേക്കുള്ള വഴികൾ ഉപരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കനത്ത സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും നഗരത്തിലെ പ്രധാന ചത്വരമായ സോകാലോ സ്ക്വയറിലൂടെ മത്സരം തത്സമയം സംപ്രേഷണം ചെയ്യുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

കാനഡയിലും അമേരിക്കയിലും വരും ദിവസങ്ങളിൽ ചടങ്ങുകൾ

മെക്സിക്കോയ്ക്ക് പുറമെ മറ്റ് ആതിഥേയ രാജ്യങ്ങളായ കാനഡയിലും അമേരിക്കയിലും വരും ദിവസങ്ങളിൽ പ്രത്യേക ഉദ്ഘാടന ചടങ്ങുകൾ നടക്കും. കാനഡയിലെ ടൊറന്റോയിലുള്ള ബിഎംഒ ഫീൽഡ് സ്റ്റേഡിയത്തിൽ ജൂൺ 12ന് ഇന്ത്യൻ സമയം രാത്രി 11:00 മണിക്ക് രണ്ടാമത്തെ ഉദ്ഘാടന ചടങ്ങ് നടക്കും. മൈക്കൽ ബുബ്ലേ, അലാനിസ് മോറിസെറ്റ് എന്നിവർക്കൊപ്പം ഇൻഡോ-കനേഡിയൻ ഗായികയും നർത്തകിയുമായ നോറ ഫത്തേഹിയും പെർഫോം ചെയ്യും. തുടർന്ന് കാനഡയും ബോസ്നിയ ഹെർസഗോവിനയും തമ്മിലുള്ള മത്സരമുണ്ടാകും.

അമേരിക്കയിലെ ലോസ് ഏഞ്ചലസിലുള്ള സോഫി സ്റ്റേഡിയത്തിലാണ് മൂന്നാമത്തെ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 13ന് പുലർച്ചെ 5:00 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പോപ്പ് താരം കാറ്റി പെറി, ഫ്യൂച്ചർ, അനിറ്റ, ലിസ, റെമ എന്നിവർ അണിനിരക്കും. ഇതിന് ശേഷം അമേരിക്കയും പരാഗ്വെയും തമ്മിലുള്ള പോരാട്ടം നടക്കും. വിസ പ്രശ്നങ്ങളും ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളും ഉൾപ്പെടെ നിരവധി വിവാദങ്ങൾ ടൂർണമെന്റിന് മുൻപേ പുകയുന്നുണ്ടെങ്കിലും, വരും ദിവസങ്ങളിൽ ലോകം പൂർണ്ണമായും ഫുട്ബോൾ ലഹരിയിലേക്ക് അമരുമെന്നുറപ്പാണ്.