ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ സ്ലാവ്‌കോ വിൻസിച്ച്; അർജന്റീനയ്ക്ക് പഴയ 'സൗദി' ഓർമ്മകൾ

ന്യൂയോർക്ക്: അർജന്റീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുന്ന ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടം നിയന്ത്രിക്കാൻ സ്ലോവേനിയൻ റഫറി സ്ലാവ്‌കോ വിൻസിച്ചിനെ ഫിഫ തെരഞ്ഞെടുത്തു. തിങ്കളാഴ്ച പുലർച്ചെ ന്യൂയോർക്കിലാണ് ഫുട്ബാൾ ലോകം കാത്തിരിക്കുന്ന കലാശപ്പോരാട്ടം നടക്കുന്നത്.

കരിയറിലെ ഏറ്റവും വലിയ നിയോഗം ലഭിച്ചതിന്റെ സന്തോഷത്തിൽ ഔദ്യോഗിക പ്രഖ്യാപന സമയത്ത് വിൻസിച്ച് വികാരാധീനനായി കണ്ണീരണിഞ്ഞു. സഹപ്രവർത്തകർക്കിടയിൽ വെച്ച് റഫറി കിറ്റ് ഏറ്റുവാങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന് സന്തോഷം അടക്കാനാവാതെ വന്നത്.

ഫൈനൽ നിയന്ത്രിക്കാൻ വിൻസിച്ച് എത്തുമ്പോൾ അർജന്റീനിയൻ ആരാധകർക്ക് നേരിയ ആശങ്കയുണ്ട്. 2022 ഖത്തർ ലോകകപ്പിൽ അർജന്റീന സൗദി അറേബ്യയോട് അട്ടിമറി തോൽവി (2-1) വഴങ്ങിയപ്പോൾ വിൻസിക്കായിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്. അന്ന് മെസ്സിക്ക് അനുകൂലമായി പെനാൽറ്റി അനുവദിക്കുകയും സൗദി താരങ്ങൾക്ക് ആറ് മഞ്ഞക്കാർഡുകൾ നൽകുകയും ചെയ്തിരുന്നെങ്കിലും, അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിക്ക് സാക്ഷിയായത് ഈ സ്ലോവേനിയക്കാരനായിരുന്നു.

അതേസമയം, സ്പെയിൻ ടീമിന് വിൻസിച്ചിനെ കുറിച്ച് മികച്ച ഓർമ്മകളാണുള്ളത്. 2017-ലെ സൗഹൃദ മത്സരം മുതൽ അദ്ദേഹം സ്പെയിന്റെ മത്സരങ്ങൾ നിയന്ത്രിക്കുന്നുണ്ട്. 2020 യൂറോ കപ്പിലും, 2023 യുവേഫ നേഷൻസ് ലീഗ് സെമി ഫൈനലിലും അദ്ദേഹം റഫറിയായിരുന്നു. ലമീൻ യമാൽ സീനിയർ ടീമിൽ എത്തിയ ശേഷം യൂറോ 2024-ൽ ഇറ്റലിക്കും (1-0), സെമി ഫൈനലിൽ ഫ്രാൻസിനുമെതിരായ സ്പെയിന്റെ നിർണായക വിജയങ്ങളിലും വിൻസിച്ച് തന്നെയായിരുന്നു മത്സരം നിയന്ത്രിച്ചത്.

2010 മുതൽ ഫിഫ ലിസ്റ്റിലുള്ള വിൻസിച്ച് യൂറോപ്പിലെ തന്നെ ഏറ്റവും പരിചയസമ്പന്നരായ റഫറിമാരിൽ ഒരാളാണ്. 2024-ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉൾപ്പെടെ നിരവധി സുപ്രധാന മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. നിലവിലെ ലോകകപ്പിൽ മെക്സിക്കോ-ഇക്വഡോർ പോരാട്ടം ഉൾപ്പെടെ മൂന്ന് കളികളിൽ അദ്ദേഹം റഫറിയായി. മെക്സിക്കോ വിജയിച്ച ഈ മത്സരത്തിൽ ഫിഫയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇക്വഡോർ താരം പിയറോ ഹിൻകാപ്പിക്ക് അദ്ദേഹം ചുവപ്പ് കാർഡ് നൽകിയത് വലിയ വാർത്തയായിരുന്നു.

വിൻസിച്ചിനൊപ്പം സ്ലോവേനിയയിൽ നിന്നുതന്നെയുള്ള ടോമാസ് ക്ലാൻച്‌നിക്, ആൻഡ്രാസ് കോവാസിക് എന്നിവർ അസിസ്റ്റന്റ് റഫറിമാരായി കളത്തിലുണ്ടാകും. പത്ത് വർഷത്തിലേറെയായി അന്താരാഷ്ട്ര തലത്തിൽ ഇവർ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ്. ജോർദാനിൽ നിന്നുള്ള അദാം മഖദ്‌മേഹ് ആണ് നാലാം റഫറി. മുഹമ്മദ് അൽഖലാഫ് റിസർവ് അസിസ്റ്റന്റ് റഫറിയായും പ്രവർത്തിക്കും. നിർണായക തീരുമാനങ്ങളുടെ പേരിൽ പലപ്പോഴും റഫറിമാർ വിമർശിക്കപ്പെടുന്ന സാഹചര്യത്തിൽ, ഞായറാഴ്ച ന്യൂയോർക്കിൽ വിൻസിക്കിന്റെ തീരുമാനങ്ങളിലേക്കാകും ഫുട്ബോൾ ലോകം ഉറ്റുനോക്കുക.