സ്‌പൈസ് ജെറ്റിന്റെ ഫുജൈറ വിമാന സർവിസ് താളം തെറ്റി; കരിപ്പൂരിൽ പ്രതിഷേധിച്ച് യാത്രക്കാര്‍

കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റിന്റെ ഫൂജൈറ സർവിസ് ഒരു ദിവസത്തിലധികം വൈകിയത് യാത്രക്കാരെ വെട്ടിലാക്കി. വ്യാഴാഴ്ച രാത്രി 9.50ന് പുറപ്പെടേണ്ട വിമാന സർവിസ് സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് 4.10ന് വിമാനം പുറപ്പെടുമെന്ന അറിയിപ്പിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയെങ്കിലും സർവിസ് അനിശ്ചിതമായി നീണ്ടത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. വിഷയത്തില്‍ ജനപ്രതിനിധികള്‍ കൂടി ഇടപെട്ടതോടെ 24 മണിക്കൂറുകള്‍ക്കു ശേഷം വിമാനം പുറപ്പെട്ടു.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള യാത്രക്കാര്‍ ഉച്ചയോടെതന്നെ വിമാനത്താവളത്തില്‍ എത്തിയ ശേഷം 4.10ന് പുറപ്പെടുമെന്നറിയിച്ചിരുന്ന വിമാനം റദ്ദാക്കിയെന്ന വിവരമാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്. ഇതോടെ വിമാനത്താവള ടെര്‍മിനലില്‍ സ്‌പെയ്‌സ് ജെറ്റിന്റെ ഓഫിസിനു മുന്നിലെത്തിയ യാത്രക്കാര്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. ഇതിനിടെ യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ടി.പി. അഷ്‌റഫലി എം.എല്‍.എയും സ്ഥലത്തെത്തി. എം.എല്‍.എ യാത്രക്കാരുമായി സംസാരിച്ചശേഷം വിമാന കമ്പനി അധികൃതരുമായും വിമാനത്താവള ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.കെ. രാഘവന്‍ എം.പി എന്നിവരും വിഷയത്തില്‍ ഇടപെട്ടു.
ജനപ്രതിനിധികളുടെ ഇടപെടലും യാത്രക്കാരുടെ പ്രതിഷേധവും തുടരുന്നതിനിടെ വെള്ളിയാഴ്ച രാത്രി എട്ടിന് വിമാനം ഫുജൈറയിലേക്ക് പുറപ്പെടുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഈ സമയത്തും വിമാനം പുറപ്പെട്ടില്ല. യാത്രക്കാരെ പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിനകത്ത് പ്രവേശിപ്പിച്ച ശേഷം വിമാന കമ്പനി അധികൃതര്‍ സമയം വീണ്ടും മാറ്റി സർവിസ് രാത്രി 9.50ന് പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു. സർവിസ് ആരംഭിക്കുന്നതിലെ ഈ അനിശ്ചിതത്വം വീണ്ടും യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയെങ്കിലും രാത്രി 9.24നുതന്നെ വിമാനം റൺവേ വിട്ടുയര്‍ന്നു.
