ടിക്…നെഞ്ചുപിളരും ശബ്ദം; വേദനയായി കോനെ

വാൻകൂവർ: ആരുടെയും നെഞ്ചുലക്കും കാഴ്ചയായിരുന്നു കാനഡ മധ്യനിര താരം ഇസ്മായിൽ കോനെ. ലോകകപ്പിൽ കാനഡയുടെ മധ്യനിരയുടെ നായകനായി നിറഞ്ഞുനിന്ന് കളി നിയന്ത്രിച്ച താരം ഖത്തറിനെതിരായ മത്സരത്തിന്റെ 53ാം മിനിറ്റിൽ അസിം മാഡിബോയുടെ കടുത്ത ടാക്ലിങ്ങിന് വിധേയനായി നിലം പതിച്ച നിമിഷം ഓർക്കാൻ പോലും കണ്ടുനിന്നവർക്ക് കഴിയുന്നില്ല. പന്ത് കൈവശംവെച്ച് കുതിക്കുന്ന കോനെയെ തടയാനായി ൈസ്ലഡ് ചെയ്തെത്തിയ മാഡിബോയുടെ ടാക്ലിങ് കാഴ്ചയിൽ അത്ര അപകടകരമായിരുന്നില്ല. എന്നാൽ, തൊട്ടരികിൽ കാനഡ ഡഗ് ഔട്ടിലെ സഹതാരങ്ങളും കോച്ച് ജെസി മാർഷും ആ ശബ്ദം കേട്ടു. കോനെയുടെ ഇടംകാലിന്റെ എല്ല് പൊട്ടുന്ന ശബ്ദം. വീഴ്ചക്കുപിന്നാലെ, കാലുയർത്തി നോക്കിയ കോനെ വായ് പൊത്തി നിലത്തേക്കമർന്നു. കണ്ടുനിന്ന സഹതാരങ്ങൾ തലയിൽ കൈവെച്ച് അന്ധാളിച്ചു. ശേഷം, അതിവേഗത്തിൽ സഹതാരത്തിനുചുറ്റും വലയം തീർത്ത് മെഡിക്കൽ സഹായം തേടി. കടുത്ത വേദനയിൽ പുളഞ്ഞ താരത്തിന് വേദനാസംഹാരിയായി ഗ്രീൻ വിസിൽ നൽകിയാണ് സ്ട്രെച്ചറിൽ മാറ്റിയത്. സ്റ്റേഡിയത്തിൽനിന്നും നേരിട്ട് ആശുപത്രിയിലേക്ക് മാറ്റിയ ഇസ്മായിൽ കോനെയെ ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കാലിലെ എല്ലിന് ഇരട്ട പൊട്ടലുണ്ടെന്നാണ് സൂചന. താരത്തിന് നാലുമുതൽ അഞ്ചുമാസം വരെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. മത്സരത്തിനുപിന്നാലെ സഹതാരങ്ങളും കോച്ചും കോനെയെ സന്ദർശിച്ചു. ഇറ്റാലിയൻ ക്ലബ് സസൗളോവിന്റെ താരമായ 24കാരൻ ഇസ്മായിൽ കോനെ ഇംഗ്ലീഷ് ക്ലബുകളിലേക്കുള്ള കൂടുമാറ്റത്തിന് ഒരുങ്ങവേയാണ് കരിയർ തന്നെ പ്രതിസന്ധിയിലാക്കുന്ന പരിക്ക് എത്തുന്നത്.
