തൂഫാന് ഇഫക്ട്! സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; 12 കിലോ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറം: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എം.ഡി.എം.എയുമായി വയനാട്, മലപ്പുറം സ്വദേശികൾ കോയമ്പത്തൂരിൽ പിടിയിൽ. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപന സംഘത്തിലെ മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെയാണ് പിടികൂടിയത്.
മലപ്പുറം ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ മഞ്ചേരി ഇൻസ്പെക്ടർ ടി.ജി. ദിലീപ്, ജില്ല ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ആഴ്ചകൾക്ക് മുമ്പ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം എം.ഡി.എം.എയുമായി ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണം നടത്തിയതിൽ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ എം.ഡി.എം.എ സംഭരിച്ച് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ വിൽപന നടത്തുന്നതായി അറിഞ്ഞു.
സംഘത്തിന്റെ ഇടത്താവളം തമിഴ്നാട്ടിലെ തിരക്കേറിയ കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളിലാണെന്നും മനസ്സിലാക്കി. സ്ഥലങ്ങളും ഇടനിലക്കാരെയും നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിൽനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിൽ കാറിനുള്ളിൽ ഒളിപ്പിച്ച എം.ഡി.എം.എ കണ്ടെത്തി. തിരുവനന്തപുരം മുതൽ കാസർകോട് വരെ പല സ്ഥലങ്ങളിലായി വിതരണം ചെയ്യാൻ 100 ഗ്രാം മുതൽ 500 ഗ്രാം വരെ പാക്കറ്റുകളാക്കിയ നിലയിൽ ഇന്നോവ കാറിന്റെ ഡോർ പാഡിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ലഹരിമരുന്ന്.
