തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു



തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളജിൽ ബേൺസ് ഐ.സി.യുവിൽ ചികിത്സയിലായിരുന്നു സതീശൻ. വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. അച്ഛന് ശേഷം സതീശൻ ഈ ജോലി ഏറ്റെടുക്കുകയായിരുന്നു. പൂരം മേഖലയിൽ വെടിക്കെട്ട് തയാറാക്കുന്നതിൽ പ്രമുഖനായിരുന്നു സതീശൻ.

കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ 10 ശരീര ഭാഗങ്ങൾ ലഭിച്ചു. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം പരിമിതപ്പെടുത്താൻ തീരുമാനിച്ചു. വെടിക്കെട്ട് ഒഴിവാക്കി. ഒരു മണിക്കൂർ ദൈർഘ്യമുള്ള കുടമാറ്റം 15 മിനിറ്റായി ചുരുക്കി. ഇത്തവണത്തെ പൂരം എങ്ങനെ നടത്തണമെന്ന് ആലോചിക്കുന്നതിന് സർക്കാർ വിളിച്ച യോഗത്തിലാണ് തീരുമാനം. ചടങ്ങുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തി. വെടിക്കെട്ട് ഉണ്ടാവില്ല, ആഘോഷപൂർവമുള്ള കുടമാറ്റവും ഇല്ല. 15 മിനിറ്റ് കുടമാറ്റത്തിന് പരമാവധി 10 സെറ്റ് കുടകളാണ് മാറാനാവുക.

പൂരത്തിന്റെ മറ്റു ചടങ്ങുകൾ മാറ്റമില്ലാതെ തുടരും. എട്ടു ഘടക പൂരങ്ങളും അവർക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തിൽ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊട്ടും കുറക്കാതെ അവതരിപ്പിക്കും. ചമയ പ്രദർശനം നടത്തുമെങ്കിലും ആഘോഷപൂർവമായിരിക്കില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തിൽ പങ്കെടുത്തു. കലക്ടറേറ്റിൽ യോഗത്തിന് മുമ്പ് വി.എൻ വാസവൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് ദേവസ്വം ഭാരവാഹികളെ വിളിച്ചുവരുത്തി സമവായ ചർച്ച നടത്തിയിരുന്നു.

ചർച്ചക്ക് മുമ്പ് പാറമേക്കാവ് ലൈസൻസിക്കെതിരെ കേസെടുത്തത് വേട്ടയാടലാണെന്ന് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. ദേശക്കാരുടെ പ്രതിനിധി മാത്രമാണ് ദേവസ്വം ഭാരവാഹികൾ. വെടിക്കെട്ട് ഉൾപ്പെടെ നടത്തണമെന്നാണ് ദേശത്തിന്റെ പൊതുവികാരം. ആ വികാരം യോഗത്തിൽ അറിയിക്കാനാണ് ദേശം ചുമതലപ്പെടുത്തിയതെന്നും ജി. രാജേഷ് കൂട്ടിച്ചേര്‍ത്തു. പാറമേക്കാവിന് വേണ്ടി വെടിക്കോപ്പ് ഒരുക്കുന്നത് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമാണശാലയിലാണ്.

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചിറ്റൂർ തഹസീൽദാർ ഇന്നലെ പരിശോധന നടത്തിയിരുന്നു. 2000 കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതിയുള്ളത്. പെസോ മാനദണ്ഡം ലംഘിച്ച് വെടിമരുന്ന് സൂക്ഷിച്ചതായി പരിശോധനില്‍ കണ്ടെത്തി. തുടർന്ന് പാലക്കാട് ജില്ല കലക്ടറുടെ നിർദേശ പ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രൻ സ്റ്റോപ്പ് മെമ്മോ നൽകി. ലൈസൻസിക്കെതിരെ കേസെടുക്കുകയും നിർമാണശാല സീൽ ചെയ്യുകയും ചെയ്തിരുന്നു.