കാളികാവിൽ കടുവഭീതി: ആശങ്ക അകലുന്നില്ല

കാളികാവ്: മേലേ കാളികാവിൽ ബുധനാഴ്ച രാത്രി വീണ്ടും കടുവ എത്തിയതായി നിഗമനം. പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയ പന്നിയുടെ ജഡം കാണാനില്ല. ദൂരേക്ക് വലിച്ചിഴച്ച വഴിയിൽ തിരച്ചിൽ നടത്തിയെങ്കിലും പന്നിയുടെ ജഡം കണ്ടെത്തിയില്ല. വനംവകുപ്പ് ആർ.ആർ.ടി സ്ഥാപിച്ച കാമറയിൽ കടുവയുടെയോ മറ്റ് മൃഗങ്ങളുടെയോ ചിത്രങ്ങൾ പതിഞ്ഞിട്ടുമില്ല. രണ്ട് കാമറകളാണ് വനം വകുപ്പ് ആർ.ആർ.ടി സംഘം പന്നിയെ കൊന്നിട്ട സ്ഥലത്ത് ബുധനാഴ്ച ഉച്ചക്ക് സ്ഥാപിച്ചത്.
ഉള്ളാട്ടിൽ എസ്റ്റേറ്റിൽ കാടിനുള്ളിലൂടെ തന്നെയാണ് പന്നിയെ വലിച്ചിഴച്ചിട്ടുളളത്. ചൊവ്വാഴ്ച വൈകുന്നേരമാണ് പന്നിയുടെ ജഡം കണ്ടത്. ബുധനാഴ്ച രാത്രിയാണ് പന്നിയെ വീണ്ടും വലിച്ചിഴച്ച് കൊണ്ടുപോയിട്ടുള്ളത്.
അതേസമയം, കാമറയിൽ ഒന്നും പതിയാത്തതിനാൽ കടുവയെത്തിയെന്ന് സ്ഥിരീകരിക്കാൻ വനം വകുപ്പ് തയാറാവുന്നില്ല. കാമറ വീണ്ടും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ ചിത്രം കാമറയിൽ പതിഞ്ഞാൽ കൂട് എത്തിച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
അതേസമയം, പന്നിയുടെ ജഡം ഇരയായി കെണി സ്ഥാപിച്ചിരുന്നുവെങ്കിൽ ഒറ്റ ദിവസം കൊണ്ട് തന്നെ കടുവയെ കെണിയിൽ വീഴ്ത്താനാകുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടാഴ്ച മുമ്പ് പുല്ലങ്കോട് എസ്റ്റേറ്റിൽ വലിയ പന്നിയെ വേട്ടയാടി പാതി ഭക്ഷിച്ചിരുന്നു. മേലേ കാളികാവിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തായിരുന്നു സംഭവം. അടക്കാക്കുണ്ട് പാറശ്ശേരി റാഉത്തംകാടിൽ വെച്ച് ടാപ്പിങ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്ററോളം ദൂരത്താണ് ഇപ്പോൾ കാട്ടുപന്നിയെ വേട്ടയാടിയ സ്ഥലം. നാട്ടുകാരും തൊഴിലാളികളും വലിയ ഭീതിയിലാണ്.
