മാമി തിരോധാനക്കേസ്; പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

കോഴിക്കോട്: മാമി തിരോധാനക്കേസിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. മാമിയെ തട്ടിക്കൊണ്ടുപോയതിൽ മുമ്പ് ചോദ്യം ചെയ്ത് വിട്ടയച്ചവർക്ക് പങ്കെന്ന സൂചനയെ തുടർന്നാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം. തട്ടിക്കൊണ്ടുപോകൽ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

കോഴിക്കോട് സ്വദേശിയായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ 2023 ആഗസ്റ്റ് 21നാണ് കാണാതായത്. മാമിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ആദ്യം നടക്കാവ് പൊലീസ് അന്വേഷിച്ച കേസിൽ വീഴ്ചകൾ സംഭവിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് കോഴിക്കോട് കമീഷണരുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കി കുടുംബം രംഗത്തെത്തിയെങ്കിലും സംസ്ഥാന സർക്കാർ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

അതേസമയം, മാമി തിരോധാനക്കേസിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു. എസ്.പി പി. വിക്രമന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി വി.വി. ബെന്നിയും സംഘവും ശാസ്ത്രീയതെളിവുകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മാമിയെ തട്ടികൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചത്. മാമിയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി റൂട്ടിൽ പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് മാമി എത്തിയതായി ലോക്കൽ പൊലീസ് കണ്ടെത്തി. എന്നാൽ, പിന്നീട് എവിടേക്ക് പോയെന്ന് കണ്ടെത്താനായില്ല. ഇതോടെ ലോക്കൽ പൊലീസ് അന്വേഷണത്തിൽ മാമിയുടെ കുടുംബത്തിന് അതൃപ്തിയുണ്ടായി.

കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ മേൽനോട്ടം വഹിക്കുന്ന പ്രത്യേക സ്‌ക്വാഡും കേസ് അന്വേഷിച്ചു. ഫലമില്ലാതായതോടെ അന്നത്തെ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മലപ്പുറം എസ്.പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറി. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും മാമിയെ കുറിച്ചുള്ള വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിനും കണ്ടെത്താനായില്ല. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യം ഉന്നയിച്ചതോടെ 2024 സെപ്റ്റംബറിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

ഡ്രൈവറുൾപ്പെടെ മാമിയുമായി അടുത്ത ബന്ധമുള്ള ബിസിനസ് പങ്കാളികളായവരുടേതടക്കം 37,000 ഓളം ഫോൺ കോൾ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. സംശയിക്കുന്നവരുടെ പട്ടികയിലുള്ള ഓരോ വ്യക്തികളുടെയും മാസങ്ങളോളമുള്ള കോൾ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇത്തരം തെളിവുകളിൽ നിന്നാണ് തട്ടികൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചത്.