മരിച്ച ആൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവർ പറയുന്നത് എന്ത് മാനവികതയെ കുറിച്ച്? മാധ്യമ പ്രവർത്തകനെതിരായ സൈബർ ആക്രമണത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

എറണാകുളം: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിൽ അപലപിച്ച് ഫേസ്ബുക്ക് കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻ കാലങ്ങളിൽ അദ്ദേഹം നൽകിയ അന്വേഷണാത്മക വാർത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അധിക്ഷേപങ്ങൾക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണെന്ന് അദ്ദേഹം കുറിച്ചു. മരിച്ചുപോയൊരാൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്ത് മാനവികതയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

എറണാകുളം പ്രസ് ക്ലബും ജിജോയുടെ സുഹൃത്തുക്കളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വിഷയം ഗൗരവത്തിൽ പരിഗണിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുറിച്ചു.

മലയാള മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ജിജോ ജോൺ പൂത്തേഴത്ത് സെപ്റ്റംബർ 9നാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. അദ്ദേഹം ചെയ്ത അന്വേഷണാത്മക രാഷ്ട്രീയ വാര്‍ത്തകളുടെ പേരിൽ മരണത്തിനു ശേഷം വലിയ രീതിയിൽ സൈബർ ആക്രമണം നടന്നുവരികയാണ്.