അല്ലു അര്‍ജുന്‍ സംഭവം ബിജെപി മുതലെടുക്കുകയാണെന്ന് വിജയശാന്തി
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതും അതിനെത്തുടര്‍ന്ന് അല്ലു അര്‍ജുനെതിരെയുണ്ടായ സംഭവവും ബിജെപി മുതലെടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും നടിയുമായ വിജയശാന്തി. വിഷയവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ ആക്രമിക്കുന്നവരെയും അവര്‍ വിമര്‍ശിച്ചു.BJP
”ഒരു സിനിമയുടെ റിലീസിനിടെ നടന്ന സംഭവം ഖേദകരമാണ്. ഇതിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നതെന്നും ബിജെപി നേതാക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും” വിജയശാന്തി ആരോപിച്ചു. സംസ്ഥാനത്തെ സിനിമാ വ്യവസായത്തെ തകർക്കാൻ കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നുവെന്ന പറഞ്ഞ ബിജെപി നേതാക്കളെയും അവർ വിമർശിച്ചു. സിനിമാ വ്യവസായത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ആവശ്യമാണെന്ന് വിജയശാന്തി ഊന്നിപ്പറഞ്ഞു. ഭാവിയിൽ ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ പാർട്ടികളും പ്രവർത്തിക്കണമെന്ന് അവർ അഭ്യർഥിച്ചു.
അതേസമയം പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ മരിച്ച രേവതിയുടെ കുടുംബത്തിന് സഹായവുമായി ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ രംഗത്തെത്തി. മൈത്രി മൂവി മേക്കേഴസ് ഉടമയായ നവീൻ യേർനേനി 50 ലക്ഷത്തിന്‍റെ ചെക്കാണ് രേവതിയുടെ ഭർത്താവ് ഭാസ്കറിന് കൈമാറിയത്. മന്ത്രി കോമതി റെഡിയും നിർമാതാക്കൾക്കൊപ്പം ഉണ്ടായിരുന്നു. ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ രേവതിയുടെ മകൻ ശ്രീതേജ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് നിർമാതാക്കൾ പണം കൈമാറിയത്. നേരത്തെ സിനിമയിലെ നായകൻ അല്ലു അർജുൻ കുടുംബത്തിന് 25 ലക്ഷം രൂപ നൽകിയിരുന്നു.