കപ്പും മെഡലും മാത്രമല്ല, ഇത്തവണ ലോകകപ്പ് വിജയികൾക്ക് സ്വർണ മോതിരവും; ഫിഫയുടെ സർപ്രൈസ് സമ്മാനം ആരാധകർക്കും സ്വന്തമാക്കാം

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 അതിന്റെ പര്യവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഫൈനൽ മത്സരത്തിന് നാളുകൾ മാത്രം അവശേഷിക്കവെ പുതിയ ചരിത്ര നിമിഷങ്ങൾക്കാണ് ഫിഫ തുടക്കം കുറിക്കുന്നത്. ഇതാദ്യമായാണ് ഫിഫ ലോകകപ്പ് ഫൈനലിൽ വിജയികൾക്ക് കപ്പിനും സ്വർണ മെഡലിനും പുറമേ പുതിയൊരു ബഹുമതി കൂടി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഫൈനൽ വിജയികൾക്ക് ചാമ്പ്യൻസ് മോതിരങ്ങളാണ് സമ്മാനമായി ലഭിക്കാൻ പോകുന്നത്. അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്ന് പ്രജോതനമുൾക്കൊണ്ടാണ് ഈ സമ്മാനം. ഇതോടെ അമേരിക്കൻ ഫുഡ്ബോൾ സ്പോർട്സ് ലീഗുകളിൽ വിജയികൾക്ക് മോതിരം കൈമാറുന്ന രീതിയാണ് ലോക ഫുഡ്ബോളിലേക്ക് ഫിഫ അവതരിപ്പിക്കുന്നത്.
വിജയികൾക്ക് പ്രത്യേകമായി രൂപകൽപന ചെയ്യുന്ന ഈ മോതിരത്തിന്റെ ഒരു വശത്ത് ഫിഫ ലോകകപ്പ് ട്രോഫിയുടെ ചിത്രവും മറുഭാഗത്ത് വിജയിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നവുമായിരിക്കും ഉണ്ടാവുക. ലോകകപ്പ് വർഷത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ 2026 മോതിരങ്ങളാണ് ഫിഫ നിർമിക്കുക. ഇതിൽ 30 മോതിരങ്ങൾ വിജയികൾക്കും ബാക്കി 1996 മോതിരങ്ങൾ ആരാധകർക്കും ഉള്ളതാണ്. ആരാധകർക്കുള്ള മോതിരങ്ങൾ ഫിഫ വിപണിയിലെത്തിക്കും. വിലയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഫിഫ പുറത്തു വിട്ടിട്ടില്ല.
മത്സരം കഴിഞ്ഞുള്ള സമ്മാനദാന ചടങ്ങിൽ താൽക്കാലിക മോതിരങ്ങൾ കൈമാറുമെങ്കിലും കസ്റ്റമൈസ് ചെയ്ത മോതിരങ്ങൾ പിന്നീടായിരിക്കും നൽകുക. ഇത് ഓരോ കളിക്കാരുടെയും അളവ് അനുസരിച്ച് കൃത്യമായി രൂപകൽപന ചെയ്തതായിരിക്കും. മാത്രമല്ല മോതിരങ്ങളിൽ കളിക്കാരുടെ നമ്പറുകളും ഉണ്ടാകും. മോതിരം കൈമാറുന്നതിനായി പ്രത്യേക ചടങ്ങും ഫിഫ സംഘടിപ്പിക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഫിഫ സർപ്രൈസ് സമ്മാനമായ സ്വർണ മോതിരം അവതരിപ്പിച്ചിരിക്കുന്നത്.
