ഗോളടിച്ച് യമാൽ വീണു; ലോകകപ്പ് സ്വപ്നത്തിന് തിരിച്ചടി

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണക്ക് കിരീടക്കുതിപ്പിലേക്ക് വിജയ ഗോൾ സമ്മാനിച്ച ശേഷം ലമിൻ യമാൽ വീണത് സ്പാനിഷ് ഫുട്ബാളിന്റെ കണ്ണീരിലേക്കോ…? ലോകകപ്പ് ഫുട്ബാളിലേക്ക് നാളുകളെണ്ണി കാത്തിരിക്കുന്ന ലോകമെങ്ങുമുള്ള ഫുട്ബാൾ പ്രേമികളെ നിരാശപ്പെടുത്തുന്നതാണ് കഴിഞ്ഞ രാത്രിയിൽ ബാഴ്സയുടെ തട്ടകമായ നൂകാംപിൽ നിന്നുള്ള വാർത്ത. സെൽറ്റ വിഗോക്കെതിരായ മത്സരത്തിന്റെ 40ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബാഴ്സലോണയുടെ വിജയ ഗോൾ കുറിച്ച ശേഷമായിരുന്നു ലമിൻ യമാൽ പരിക്കേറ്റ് പുറത്തായത്. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതിന്റെ ആഘോഷം കണ്ണീരായി മാറിയത് നിമിഷ വേഗത്തിലായിരുന്നു. ഷോട്ട് ലക്ഷ്യത്തിലെത്തിച്ച് ഓടി നീങ്ങിയതിനു പിന്നാലെ ഇടതു കാലിലെ പിൻതുടയിൽ കൈകൾ വെച്ച് യമാൽ വീണു. ഉടൻ തന്നെ ടീം മെഡിക്കൽ സ്റ്റാഫ് ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഗോളാഘോഷം നിലച്ച മൈതാനത്ത്, ഏതാനും മിനിറ്റുകൾ കളിക്കാരും ടീം മെഡിക്കൽ യൂനിറ്റും ഗൗരവത്തോടെ പണിതുടങ്ങി. പിന്നാലെയാണ്, താരത്തിന് കളി തുടരാനാവില്ലെന്ന് സ്ഥിരീകരിച്ചത്. താരത്തെ ഗ്രൗണ്ടിൽ നിന്നും മാറ്റാൻ പ്രത്യേക വണ്ടിയെത്തിച്ചെങ്കിലും, മെഡിക്കൽ യൂനിറ്റ് അംഗങ്ങളുടെ തോളിലേറി, കളംവിടുകയായിരുന്നു.
യമാൽ ലോകകപ്പ് കളിക്കില്ലേ…?
കാലിലെ പേശികൾക്ക് പരിക്കേറ്റുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്ക് ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. സീസണിലെ ബാഴ്സലോണയുടെ ശേഷിച്ച മത്സരങ്ങളിൽ താരത്തിന് കളിക്കാൻ കഴിയില്ലെന്നും ഉറപ്പ്. വരാനിരിക്കുന്ന എൽ ക്ലാസികോ മത്സരവും 18കാരനായ യമാലിന് നഷ്ടമാവും.
ചുരുങ്ങിയത് അഞ്ചാഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇത് നീണ്ടുപോയാൽ ജൂൺ 11ന് തുടങ്ങുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിലും സ്പെയിനിന്റെ സൂപ്പർതാരം പുറത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ആരാധക ലോകം. 2004 യൂറോ കപ്പിൽ സ്പെയിനിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക സാന്നിധ്യമായ യമാലാണ് ലോകകപ്പിലും ദേശീയ ടീമിന്റെ നട്ടെല്ല്. 17കാരനായ യമാൽ ഒരു ഗോളും ഏഴ് അസിസ്റ്റുമായി സ്പെയിനിന്റെ കിരീട വിജയത്തിൽ നിർണായകമായി.
താരത്തിന്റെ പരിക്കിനെക്കുറിച്ച് ബാഴ്സലോണ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ട് പ്രകാരം പരിക്ക് സീസൺ നഷ്ടപ്പെടുത്തുമെന്ന് സൂചന നൽകുന്നു. പരിക്കിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യത ലഭിക്കാനായി കാത്തിരിക്കുകയാണെന്ന് ബാഴ്സലോണ കോച്ച് ഹാൻസി ഫ്ലിക്ക് പ്രതികരിച്ചു.
