ആരാണ് ആയത്തുല്ല അലി ഖാംനഈ?

Ayatollah

തെഹ്‌റാൻ: 40 വർഷത്തിലേറെയായി ഇറാന്റെ ആത്മീയ, രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയാണ് ആയത്തുല്ല അലി ഖാംനഈ. 1939 ഏപ്രിൽ 19 ന് ജനിച്ച അദ്ദേഹം ഇറാനിലെ മഷ്ഹദിലും ഇറാഖിലെ നജാഫിലും മത പരിശീലനം നേടി. ഇറാനിലേക്ക് മടങ്ങിയ അദ്ദേഹം ഒടുവിൽ കോമിൽ സ്ഥിരതാമസമാക്കി. അവിടെ അയത്തുല്ല ഹൊസൈൻ ബോറുജെർഡി, പിൽക്കാലത്ത് പരമോന്നത നേതാവായി മാറിയ ആയത്തുള്ള റുഹുല്ല ഖുമൈനി തുടങ്ങിയ വ്യക്തികളുടെ കീഴിൽ പഠനം തുടർന്നു. 1960 കളിലും 1970 കളിലും റെസ പഹ്‌ലവിക്കെതിരായ രഹസ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ SAVAK രഹസ്യ പൊലീസ് അദ്ദേഹത്തെ പലതവണ അറസ്റ്റ് ചെയ്യുകയും തടവറയിൽ മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തു. 1979ൽ ഇറാൻ ഇസ്‌ലാമിക് വിപ്ലവത്തെ തുടർന്ന് റെസ പെഹ്‌ലവി സ്ഥാനഭ്രഷ്ടനായി.Ayatollah

വിപ്ലവാനന്തര ഇറാന്റെ ആദ്യ കാലങ്ങളിൽ വളരെ വേഗത്തിൽ ഉയർന്നുവന്ന ഖാംനഈ ഇസ്ലാമിക് റെവല്യൂഷണറി കൗൺസിലിൽ പ്രധാന പങ്കുവഹിച്ചു. നിയമനിർമ്മാതാവ്, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. ടെഹ്‌റാനിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾക്കും അദ്ദേഹം നേതൃത്വം നൽകി. 1981ൽ പള്ളിയിൽ പ്രസംഗിക്കുന്നതിനിടെ അടുത്തുള്ള ടേപ്പ് റെക്കോർഡറിൽ ഒളിപ്പിച്ചുവെച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് വധശ്രമങ്ങൾക്ക് ഇരയായ വിപ്ലവകാരികളിൽ ഒരാളായിരുന്നു ഖാംനഈ. പുരോഹിത വിരുദ്ധ പ്രതിപക്ഷമായ ഫോർഖാൻ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. ഖാംനഈക്ക് അന്ന് ഗുരുതരമായി പരിക്കേൽക്കുകയും വലതുകൈ തളരുകയും ചെയ്തു. 1981 ഓഗസ്റ്റിൽ വിമത മുജാഹിദീൻ-ഇ ഖൽഖ് (പീപ്പിൾസ് മൊജാഹിദീൻ ഓർഗനൈസേഷൻ ഓഫ് ഇറാൻ) പ്രസിഡന്റ് മുഹമ്മദ് അലി റജാഇയും പ്രധാനമന്ത്രി മുഹമ്മദ് ജവാദ് ബഹോനറും കൊല്ലപ്പെട്ടതിനുശേഷം 97 ശതമാനം വോട്ടുകൾ നേടി ഖാംനഈ ഇറാന്റെ പ്രസിഡന്റ് ആയി ചുമതലയേറ്റു.

1989ൽ യുഎസും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം അവസാനിച്ചതോടെ ലോകംക്രമം മാറിമറിഞ്ഞു. ഇറാനിലും കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. 1989 ജൂൺ മൂന്നിന് നടന്ന ഖുമൈനിയുടെ മരണം ഇറാനെ സംബന്ധിച്ചിടത്തോളം ഒരു നിർണായക വഴിത്തിരിവായിരുന്നു. ഖുമൈനിയുടെ ദീർഘകാല പിൻഗാമിയായി നിയുക്തനായ ആയത്തുള്ള ഹൊസൈൻ അലി മുന്താസാരിയെ മൂന്ന് മാസം തികയും മുമ്പ് സ്ഥാനഭ്രഷ്ടനാക്കി. തുടർന്ന് ഇറാന്റെ പുതിയ നേതാവായി ഇറാന്റെ വിദഗ്ദ്ധ അസംബ്ലി ഖാംനഈയെ നിയമിച്ചു. ഭരണകൂടത്തിനുള്ളിൽ നിന്നും ജനവിഭാഗങ്ങൾക്കിടയിൽ നിന്നും ഖാംനഈ ധാരാളം എതിർപ്പുകൾ നേരിട്ടിട്ടുണ്ട്. 1990കളിൽ റഫ്സഞ്ജനിയുടെ ഉദാരവൽക്കരണ പ്രവണതകൾ ഖാംനഈയുടെ യാഥാസ്ഥിതികത്വവുമായി കൂട്ടിയിടിച്ചതോടെ പ്രസിഡന്റും പരമോന്നത നേതാവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. 1990കളുടെ മധ്യം മുതൽ ഇറാനിയൻ രാഷ്ട്രീയത്തിൽ ലിബറൽ പരിഷ്കരണവാദ പ്രസ്ഥാനത്തിന്റെ ഉദയത്തോടെ ഖാംനഈയുടെ ആശയങ്ങൾ കൂടുതൽ പരീക്ഷിക്കപ്പെട്ടു.

അന്താരാഷ്ട്ര ഉപരോധങ്ങൾ രാജ്യത്തെ ദുർബലപ്പെടുത്താതിരിക്കാൻ ‘പ്രതിരോധം’ എന്ന സിദ്ധാന്തം വഴി ഖാംനഈ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിച്ചു. എണ്ണയെ ആശ്രയിക്കുന്നത് കുറക്കുക, ചൈനയുമായും റഷ്യയുമായും വ്യാപാരം വികസിപ്പിക്കുക, സംസ്ഥാന സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. സബ്‌സിഡി വെട്ടിക്കുറക്കൽ രാജ്യത്തുടനീളം പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ഖാംനഈ ആണവ ശാസ്ത്രത്തെ പുരോഗതിയുടെ അടയാളമായി കാണുന്നു. ഖാംനഈയെ സംബന്ധിച്ചിടത്തോളം യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം ഊർജ്ജത്തെക്കുറിച്ചു മാത്രമല്ല, പരമാധികാരത്തെക്കുറിച്ചുമാണ്. എന്നാൽ ഇറാൻ ആണവായുധങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ച് അവകാശപ്പെടുന്നു.

ആയത്തുല്ല അലി ഖാംനഈ അമേരിക്കക്കെതിരായ ശക്തമായ നിലപാടുകൾക്ക് പേര് കേട്ടയാളാണ്. അമേരിക്കയുടെ പശ്ചിമേഷ്യൻ മേഖലയിലെ ഇടപെടലുകൾ, ഇറാനെതിരായ ഉപരോധങ്ങൾ എന്നിവയാണ് അമേരിക്ക-വിരുദ്ധതയുടെ പ്രധാന കാരണങ്ങൾ. അമേരിക്കയെ വിശ്വസിക്കരുതെന്നും, അവരുമായി വിട്ടുവീഴ്ച ചെയ്യരുതെന്നും ഖാംനഈ വിശ്വസിക്കുന്നു. ഇസ്രായേലിനെതിരായ ഇറാന്റെ നിലപാടിനെ അമേരിക്ക പിന്തുണക്കുന്നതും ഈ ശത്രുതയ്ക്ക് കാരണമാണ്. 1979ലെ ഇസ്‌ലാമിക വിപ്ലവം മുതൽക്കാണ് ഇപ്പോൾ കാണുന്ന അമേരിക്ക വിരുദ്ധ നിലപാട് ഇറാനിൽ രൂപപ്പെട്ടു വരുന്നത്. 1953ൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുസദിഖിനെ അമേരിക്കയുടെ സിഐഎയും ബ്രിട്ടന്റെ എംഐ6 ഉം ചേർന്ന് അട്ടിമറിച്ചതിന് ശേഷം മുഹമ്മദ് റെസ പഹ്‌ലവിയുടെ നേതൃത്തത്തിൽ അമേരിക്കയുടെ പാവഭരണകൂടമാണ് ഇറാനിലുണ്ടായത്. 1979ൽ ഇറാൻ വിപ്ലവത്തോടെ ഇറാനിൽ പുതിയ ഭരണകൂടമുണ്ടായി.

1979-ലെ ഇറാൻ വിപ്ലവം അമേരിക്ക-വിരുദ്ധ വികാരത്തിൻ്റെ ശക്തമായ പ്രകടനമായിരുന്നു. ആയത്തുല്ല റൂഹുല്ല ഖുമൈനി ഷായുടെ ഭരണത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ചു. അമേരിക്കയെ ‘ദി ഗ്രേറ്റ് സാത്താൻ’ എന്നാണ് ഖുമൈനി അന്ന് വിശേഷിപ്പിച്ചത്. ഷായുടെ വിദേശനയം വിശേഷിച്ച് അമേരിക്കയുമായുള്ള ബന്ധം ജനങ്ങളുടെ അസംതൃപ്തിയുടെ കേന്ദ്രമായി. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് 1979ൽ ഷാ രാജ്യം വിട്ട് പോവുകയും തുടർന്ന് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാൻ സ്ഥാപിതമാവുകയും ചെയ്തു. വിപ്ലവത്തിന് ശേഷം 1979-ലെ ടെഹ്റാൻ യു.എസ്. എംബസി ആക്രമണം അമേരിക്ക-വിരുദ്ധതയുടെ ഉച്ചസ്ഥായിയായി. 444 ദിവസം നീണ്ട ഈ സംഭവം 1953-ലെ അട്ടിമറിയോടുള്ള ജനങ്ങളുടെ പ്രതികാരമായും ഇറാൻ്റെ പരമാധികാരത്തിൻ്റെ പ്രഖ്യാപനമായും കണക്കാക്കപ്പെട്ടു. മുസദ്ദിഖിൻ്റെ ദേശസാൽക്കരണ ശ്രമങ്ങളും അമേരിക്കൻ ഇടപെടലുകളും വിപ്ലവത്തിന്റെ ആശയങ്ങളെ രൂപപ്പെടുത്തുകയും, അമേരിക്കയെ ഇറാന്റെ പ്രാഥമിക ശത്രുവായി മാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *