കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചിട്ടും അധിക തുക തിരിച്ചുനൽകാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി



തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് സർക്കാർ കുറച്ചിട്ടും അപേക്ഷകർക്ക് അധിക തുക തിരിച്ചുനൽകാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു.

അധികമായി ഈടാക്കിയ പെർമിറ്റ് ഫീസ് കൈവശം വെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമില്ല. ഫീസ് തിരികെകിട്ടാൻ അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി 15വരെ നീട്ടി.

ഈ മാസം 28നകം തുക തിരികെ നൽകണമെന്ന് സെക്രട്ടറിമാരോട് നിർദേശിച്ചിട്ടുണ്ട്​. ഇതിനകം തുക തിരികെനൽകാത്ത തദ്ദേശ സ്ഥാപനങ്ങളുടെയും സെക്രട്ടറിമാരുടെയും വിവരം സർക്കാറിന് കൈമാറാൻ പ്രിൻസിപ്പൽ ഡയറക്ടറോട് നിർദേശിട്ടുണ്ടെന്നും കെ.ബാബുവിന്റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.