18കാരി മകളെ പിതാവ് വെട്ടിയത് സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ; വെട്ടേറ്റ ബന്ധുവും മരിച്ചു



കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ മകളെ പിതാവ് വെട്ടിക്കൊന്ന സംഭവത്തിനിടെ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിൽ തൂമിനാട് സ്വദേശി ഹിൽടോപ്പിലെ ജുമൈല (18) ആണ് പിതാവ് ഉമ്മറിന്‍റെ വെട്ടേറ്റ് ഇന്നലെ മരിച്ചത്. ബന്ധു മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉമ്മർ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രതി ഉമര്‍ ഫറൂഖ് ലഹരിക്കടിമയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ജുമൈലയും മാതാവും ബന്ധുവീട്ടിലായിരുന്നു താമസം.

പിതാവ്​ ഉമ്മറിനെ നാട്ടുകാർ തടഞ്ഞുവെച്ചപ്പോൾ

വിവാഹമോചന ചർച്ചകൾക്കിടെ സ്വത്ത് തന്റെ പേരിൽ എഴുതി നൽകണമെന്ന് ഉമ്മർ ആവശ്യപ്പെട്ടിരുന്നു. ഇത് എതിർത്തതാണ് ആക്രമണത്തിന് കാരണമായത്. തർക്കത്തിനിടെ ഷേഖ് അബ്ബയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോൾ ജുമൈലക്ക് വെട്ടേൽക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ജുമൈലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ തന്നെ മരിച്ചു. സംഭവത്തിൽ ഉമ്മറിനെ മഞ്ചേശ്വരം പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവസമയം ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.