കുട്ടികൾക്കിടയിലെ കുറ്റകൃത്യങ്ങൾ; നടപടികളുമായി പൊലീസ്
കൽപറ്റ: കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പ്രവർത്തനങ്ങൾ ശക്തമാക്കി. നിയമപാലനത്തിനൊപ്പം ബോധവത്കരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.
കുട്ടികൾക്കിടയിലുള്ള അക്രമവാസന, റാഗിങ്, ലഹരി ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിയമ ബോധവത്കരണ ക്ലാസുകളും സോഷ്യൽ പൊലീസിങ്ങിലെ വിവിധ പദ്ധതികളായ ജനമൈത്രി, എസ്.പി.സി, ഡി.ഡാഡ്, കിഡ്സ് ഗ്ലൗ, ഹോപ്പ് തുടങ്ങിയവയിലൂടെ കുട്ടികൾക്കിടയിലെ സാമൂഹ്യപ്രശ്നങ്ങളെ കണ്ടെത്തി ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള നടപടികളുമാണ് ചെയ്തുവരുന്നത്. സ്റ്റേഷൻ എസ്.എച്ച്.ഒമാർ, ജനമൈത്രി ബീറ്റ് ഓഫിസർമാർ, സോഷ്യൽ പൊലീസിങ് എ.ഡി.എൻ.ഒമാർ തുടങ്ങിയവരുടെ നേതൃത്വത്തിലും ജാഗ്രത സമിതികളിലൂടെയും പ്രശ്നക്കാരെ കണ്ടെത്തി അവരെ നേർവഴിയിലേക്ക് നയിക്കാനാണ് പദ്ധതികൾ നടപ്പാക്കുന്നത്.
കുട്ടികളിലെ പെരുമാറ്റ വ്യതിയാനങ്ങൾ നിരീക്ഷിക്കും. ഡി സോഷ്യൽ പൊലീസിങ്ങിലെ ഡി-ഡാഡ്, ഡി.സി.ആർ.സി കൗൺസിലർമാരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. കൂടാതെ പ്രശ്ന ബാധ്യത മേഖലകളിൽ ലോക്കൽ പോലീസും ഡാൻസാഫ് സംഘവും ശക്തമായ പട്രോളിങ്, പരിശോധന, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടപ്പാക്കിവരുന്നുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ സഹപാഠികളെ കൂട്ടംചേർന്ന് മറ്റുള്ള കുട്ടികൾ ക്രൂരമായി മർദിച്ച സംഭവങ്ങൾ കൽപറ്റയിലും കമ്പളക്കാടും നടന്നിരുന്നു. കൽപറ്റ നഗരത്തിലടക്കം കുട്ടിക്കുറ്റവാളി സംഘങ്ങൾ സജീവമായത് സംബന്ധിച്ച് ജനുവരി 29ന് മാധ്യമം വാർത്ത നൽകിയിരുന്നു.
