അമരമ്പലത്ത് അജ്ഞാത ജീവി ആക്രമണം തുടരുന്നു

പൂക്കോട്ടുംപാടം: അമരമ്പലം മേഖലയിൽ അജ്ഞാത ജീവിയുടെ ആക്രമണം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ശനിയാഴ്ച രാവിലെ പരിയങ്ങാട് പൂളപറമ്പിലെ കെ.പി.എം എസ്റ്റേറ്റിനുള്ളിലെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ മുള്ളൻ പന്നിയെ അജ്ഞാത ജീവി ആക്രമിച്ച് കൊന്ന നിലയിൽ കണ്ടെത്തി. എസ്റ്റേറ്റിൽ ജോലിക്കെത്തിയ സ്ത്രീകളാണ് മുള്ളൻ പന്നിയുടെ ഭാഗികമായി ഭക്ഷിക്കപ്പെട്ട ശരീരം ആദ്യം കണ്ടത്. മുള്ളൻ പന്നിയുടെ ശരീരഭാഗങ്ങൾ തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
വെള്ളിയാഴ്ച മാമ്പറ്റ വഴി മൂച്ചിക്കൽ ഉന്നതിയിൽ വയോധികയെ അജ്ഞാത ജീവി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കെ.പി.എം എസ്റ്റേറ്റിനുള്ളിൽ മുള്ളൻ പന്നിയെ പുലി പിടിച്ചതാണെന്ന തരത്തിലുള്ള വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് തോട്ടം തൊഴിലാളികൾക്കിടയിലും പ്രദേശവാസികൾക്കിടയിലും വലിയ ഭീതിയാണ് പടർത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി അറിവില്ലെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന സൂചന. എന്നാൽ, ഭീതി അകറ്റാൻ അടിയന്തരമായി വനംവകുപ്പിന്റെ പരിശോധന വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
