എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ച പൊലീസുകാരനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ച പൊലീസുകാരൻ മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ.
മാളിനുള്ളിൽ എസ്.എഫ്.ഐക്കാർ പ്രകോപനം സൃഷ്ടിക്കുകയും മിഥുനെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നെന്നും പ്രതിരോധിക്കുകയല്ലാതെ ആയുധം ഉപയോഗിച്ചിട്ടില്ലെന്നും രഹസ്യാന്വേഷണം വിഭാഗം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായാണ് വിവരം. ആ സാഹചര്യത്തിൽ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കും.
പൊലീസുകാരനെ മർദിച്ച സംഭവത്തില്‍ എസ്.എഫ്.ഐക്കാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയപ്പോള്‍ പൊലീസുകാരന് മിഥുന് റോയിക്കെതിരെ ചുമത്തിയത് ആയുധമുപയോഗിച്ചു എന്നതുൾപ്പെടെ ജാമ്യമില്ലാത്ത ഗുരുതര വകുപ്പ്. സംഭവം വിവാദമായതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമീഷണർ കെ. കാർത്തിക് ശംഖുംമുഖം അസി. കമീഷണറോട് റിപ്പോര്‍ട്ട് തേടിയത്. ജാമ്യമില്ലാക്കുറ്റം ചുമത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസിനെ അനാവശ്യമായി ഉപദ്രവിച്ചാല്‍ നടപടിയെടുക്കുമെന്നും പൊലീസുകാര്‍ക്ക് സുരക്ഷയൊരുക്കുമെന്നും കമീഷണര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്തെ മാളിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് എ.ആര് ക്യാമ്പിലെ സി.പി.ഒ മിഥുന് റോയിയെ എസ്.എഫ്.ഐക്കാര്‍ അടിക്കുകയും ചവിട്ടുകയും ചെയ്തത്.
മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ഇത്. ഇതുസംബന്ധിച്ച ദൃശ്യങ്ങളും പ്രചരിക്കപ്പെട്ടു. മിഥുന്റെ പരാതിയിൽ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരായ രേവന്ത്, സജിത്ത് എന്നിവരടക്കം നാലുപേർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, മിഥുനാണ് മർദിച്ചതെന്ന് എസ്.എഫ്.ഐക്കാരും പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് പേട്ട പൊലീസ് മിഥുനെതിരെയും കേസെടുത്തത്.
സി.പി.എം ജില്ല നേതൃത്വം സംഭവത്തില്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെതിരെ ഗുരുതര വകുപ്പ് ചുമത്തിയതെന്നും ആക്ഷേപമുണ്ട്.
കുറ്റക്കാർക്കെതിരെ നടപടി വേണം -പൊലീസ് അസോസിയേഷൻ
തിരുവനന്തപുരം: ഔദ്യോഗിക കൃത്യം നിർവഹിച്ചതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് കേരള പൊലീസ് അസോസിയേഷൻ. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഔദ്യോഗിക കൃത്യം ചെയ്തതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാർച്ച് നടത്തിയതിന്റെയും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെയും കുടുംബത്തിന്റെയും ഫോട്ടോകൾ പ്രചരിപ്പിച്ച് അധിക്ഷേപിച്ചതിന്റെയും യൂനിവേഴ്സിറ്റി മാർച്ചിൽ ഗുരുതര പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലിരിക്കെ ‘അവന്റെ ഒരു കണ്ണേ പോയുള്ളൂ’ എന്ന തരത്തിൽ പരസ്യമായി ആക്ഷേപിച്ചതിന്റെയും തുടർച്ച തന്നെയാണ് തിരുവനന്തപുരത്തും അരങ്ങേറിയത്.
ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിലാണ് ഇതൊക്കെ ചെയ്യുന്നത് എന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. നിയമം നടപ്പാക്കുന്നതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയാൻ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഒറ്റക്കെട്ടായ പ്രതിരോധം തീർക്കണം.
കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിയമപാലനം നിർവഹിക്കുന്ന ഉദ്യോഗസ്ഥന് സുരക്ഷിതത്വബോധം ഉറപ്പാക്കാനുമുള്ള അടിയന്തര നടപടികൾ വകുപ്പും സർക്കാറും സ്വീകരിക്കണമെന്നും അസോസിയേഷൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
