മണ്ഡലം മാറി മത്സരിക്കാൻ കോൺഗ്രസും മുസ്​ലിം ലീഗും; ചേലക്കര, കോങ്ങാട് സീറ്റുകൾ വെച്ചുമാറാൻ സാധ്യത



തൃശ്ശൂർ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംവരണ മണ്ഡലമായ ചേലക്കരയും കോങ്ങാടും വെച്ചുമാറാൻ കോൺഗ്രസും മുസ്​ലിം ലീഗും തമ്മിൽ ധാരണ. കുന്നംകുളത്താണ് പട്ടികജാതി മണ്ഡലങ്ങൾ പരസ്പരം മാറാനായി കോൺഗ്രസ്- ലീഗ് നേതാക്കൾ ചർച്ച നടത്തിയത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര കുന്നംകുളത്ത് എത്തിയപ്പോഴാണ് കോൺഗ്രസ് നേതാക്കളും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിലെ യു.സി. രാമനാണ് കോങ്ങാട് സീറ്റിൽ മത്സരിച്ചത്. ഇത്തവണ പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്‍റെ ഭാര്യയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.എം. തുളസിയെ സ്ഥാനാർഥിയാക്കാനാണ് നീക്കം നടക്കുന്നത്. മുമ്പ് ഒറ്റപ്പാലത്തും ചേലക്കരയിലും തുളസി കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ചേലക്കരയിൽ തുളസിക്കെതിരെ വിജയിച്ചത് കെ. രാധാകൃഷ്ണനായിരുന്നു.

അതേസമയം, ചേലക്കര സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ ലീഗിൽ അന്തിമ തീരുമാനം വന്നിട്ടില്ല. നേരത്തെ, ലീഗ് ദേശീയ സെക്രട്ടറിയായ ജയന്തി രാജന്‍റെ സ്ഥാനാർഥിയാക്കാൻ ചർച്ച നടന്നിരുന്നു. എന്നാൽ, സംവരണ മണ്ഡലമായതിനാൽ ജയന്തി സ്ഥാനാർഥിയാകാൻ സാധ്യതയില്ല. കൂടാതെ, ജയന്തി വയനാട് ജില്ലക്കാരിയാണ്. ജില്ലയിൽ നിന്നുള്ള സ്ഥാനാർഥിക്കാണ് ലീഗ് മുൻതൂക്കം നൽകുന്നത്.

കെ. രാധാകൃഷ്ണൻ എം.പിയായതിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ യു.ആർ. പ്രദീപ് ആണ് വിജയിച്ചത്. കോൺഗ്രസിലെ രമ്യ ഹരിദാസിനെതിരെ 12,122 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. വാശിയേറിയ പോരാട്ടത്തിൽ രമ്യ ഹരിദാസ് 52,626 വോട്ട് പിടിച്ചു.

കോങ്ങാടിൽ നിന്ന് കെ. ശാന്തകുമാരി 27,219 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.സി. രാമനെ പരാജയപ്പെടുത്തി. ശാന്തകുമാരി 67,881 വോട്ടും യു.സി. രാമൻ 49,355 വോട്ടുമാണ് ലഭിച്ചത്.